അതിര്‍ത്തികള്‍ അടയുന്നു; സംഘര്‍ഷം വ്യാപിക്കുന്നു
Monday, April 4, 2016 8:11 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനുള്ളില്‍ കൂടുതല്‍ അതിര്‍ത്തികള്‍ അടഞ്ഞുതുടങ്ങി. ലക്ഷ്യസ്ഥാനത്തേക്കുള്ള മാര്‍ഗങ്ങള്‍ തടസപ്പെടുന്നത് അഭയാര്‍ഥികളെ രോഷാകുലരാക്കുന്നു. പല അതിര്‍ത്തികളിലും സംഘര്‍ഷാത്മക അന്തരീക്ഷം.

ഇതിനിടെ, തുര്‍ക്കിയിലേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനുള്ള ഗ്രീസിന്റെ നടപടികളും പ്രതിഷേധങ്ങള്‍ക്കു വഴി തെളിക്കുന്നു. പോകാന്‍ കൂട്ടാക്കാതെ നില്‍ക്കുകയാണ് ആയിരക്കണക്കിനാളുകള്‍. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച ധാരണയനുസരിച്ചാണ് അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്നത്.

അഭയാര്‍ഥികള്‍ക്കു പിന്തുണയുമായി നാട്ടുകാരും ചിലയിടങ്ങളില്‍ രംഗത്തിറങ്ങി. ഇറ്റാലിയന്‍-ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ ഇവരുടെ സാന്നിധ്യം ശക്തം. പ്രതിരോധ മതില്‍ തീര്‍ത്ത ഇവര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

ഗ്രീസിലെ അഭയാര്‍ഥി ക്യാംപുകളിലും പ്രക്ഷോഭം ശക്തമാകുകയാണ്. തുര്‍ക്കിയിലേക്ക് ഇവരെ തിരിച്ചയച്ചു തുടങ്ങുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് കരുതുന്നത്.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകാന്‍ എത്തിയ അര ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍