ബ്രസല്‍സ് വിമാനത്താവളം ഞായറാഴ്ച വീണ്ടും തുറക്കും
Saturday, April 2, 2016 9:15 AM IST
ബ്രസല്‍സ്: ഭീകരാക്രമണത്തെ തുടര്‍ന്നു അടച്ചിട്ട ബ്രസല്‍സ് അന്താരാഷ്ട്ര വിമാനത്താവളം സാന്തേം ഏപ്രില്‍ മൂന്നിനു (ഞായര്‍) വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

കഴിഞ്ഞ പത്തു ദിവസമായി അടച്ചിട്ടിരുന്ന വിമാനത്താവളം പൂര്‍ണമായും പോലീസ് കസ്റ്റഡിയിലും നീരീക്ഷണത്തിലുമായിരുന്നു. ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനക്ഷമമാവുന്ന വിമാനത്താവളത്തില്‍ പുതുതായി ഒട്ടേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരിശോധന സമ്പ്രദായവും ഏറ്റവും ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ചെക്ക് ഇന്‍ സമയത്തിനു മേലില്‍ കൂടുതല്‍ സമയം വേണ്ടിവരും. യാത്രക്കാര്‍ വിമാനത്താവള ഏരിയയില്‍ കടക്കുമ്പോള്‍ തന്നെ ശക്തമായ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 22 നാണ് ഡിപ്പാര്‍ച്ചര്‍ ചെക്കിംഗ് കൌണ്ടറുള്‍പ്പടെ മൂന്നു സ്ഥലങ്ങളില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ 32 പേര്‍ മരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍