മാഞ്ചസ്ററില്‍ നോമ്പുകാല നവീകരണ ധ്യാനത്തിനു ഭക്തിനിര്‍ഭരമായ തുടക്കം
Saturday, February 13, 2016 10:30 AM IST
മാഞ്ചസ്റര്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനത്തിന് മാഞ്ചസ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം.

വിഥിന്‍ഷോ സെന്റ് ആന്റണിസ് ദേവാലയത്തില്‍ വൈകുന്നേരം നടന്ന ദിവ്യബലിയോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനത്തിനു തുടക്കമായത്. ധ്യാനത്തില്‍ മാഞ്ചസ്ററിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വിശ്വാസികള്‍ പങ്കെടുത്തുവരുന്നു.

കുടുംബങ്ങള്‍ നന്മയുടെ വിളനിലമാവണമെന്നും നല്ല കുമ്പസാരം നടത്തി പിതാവിങ്കലേക്ക് മടങ്ങി വരേണ്ട ആവശ്യകതകളെ കുറിച്ചുമുള്ള ക്ളാസുകളാണ് ഇന്നലെ നടന്നത്. ദിവ്യ കാരുണ്യ ആരാധനയെ തുടര്‍ന്നു രാത്രി 9.30 നു ധ്യാനം സമാപിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയാണ് ധ്യാനം.

നോമ്പുകാല നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍