അഭയാര്‍ഥി പ്രതിസന്ധി: തുര്‍ക്കിയും ജര്‍മനിയും ധാരണയിലെത്തി
Tuesday, February 9, 2016 8:26 AM IST
ബെര്‍ലിന്‍: സിറിയയില്‍നിന്നുള്ള അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിനു തുര്‍ക്കിയും ജര്‍മനിയും കരാറിലെത്തി. സിറിയയിലെ ഏറ്റവും വലിയ നഗരമായ ആലപ്പോയിലെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നതുള്‍പ്പെടെ സുപ്രധാന കരാറുകള്‍ക്കാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആക്രമണം അവസാനിപ്പിക്കാന്‍ നയതന്ത്ര തലത്തില്‍ പ്രവര്‍ത്തനം നടത്തും. നിയമവിരുദ്ധമായ കുടിയേറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

യൂറോപ്പിന്റെ അതിര്‍ത്തിയിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തിന്റെ ഒഴുക്കു വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുര്‍ക്കിയിലെത്തിയത്. ആലപ്പോയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്നു പലായനം ചെയ്യപ്പെട്ട പതിനായിരക്കണക്കിനു സിറിയക്കാര്‍ ഇപ്പോഴും തുര്‍ക്കി അതിര്‍ത്തിയില്‍ കടുങ്ങിക്കിടക്കുന്നു. ഗ്രീസിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ 33 പേര്‍ തുര്‍ക്കി തീരത്തുവച്ച് മരിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു മെര്‍ക്കലിന്റെ തുര്‍ക്കി സന്ദര്‍ശനം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രധാനമന്ത്രി അഹമ്മദ് ദാവൂദോഗ്ലു എന്നിവരുമായി മെര്‍ക്കല്‍ ചര്‍ച്ച നടത്തി.

തുര്‍ക്കി തീരത്തുകൂടി കൂടുതല്‍ അഭയാര്‍ഥികളെത്തുന്നതു തടഞ്ഞാല്‍ പകരമായി 3.3 ബില്യണ്‍ ഡോളര്‍ യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂരിഭാഗം അഭയാര്‍ഥികളും തുര്‍ക്കിവഴിയാണു യൂറോപ്പിലേക്കു കടക്കുന്നത്. അഭയാര്‍ഥികള്‍ക്കായി തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നുവയ്ക്കാനുള്ള കര്‍ത്തവ്യം യൂറോപ്പിനുണ്െടന്നു പറഞ്ഞ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു കടക്കാതെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ തുര്‍ക്കിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തുര്‍ക്കിയിലേക്ക് കടക്കാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ദിവസങ്ങളായി തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തു കിടക്കുകയാണ്. തുര്‍ക്കിയുടെ ഓണ്‍ക്യുപിനാര്‍ അതിര്‍ത്തി ഇനിയും അഭയാര്‍ഥികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ആവശ്യമാണെങ്കില്‍ മാത്രമേ അതിര്‍ത്തി തുറന്നുകൊടുക്കുകയുള്ളു എന്നു പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍