ഗുര്‍ജിത് സിംഗ് ജര്‍മനിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍
Friday, February 5, 2016 8:01 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ ഗുര്‍ജിത് സിംഗ് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്കിന് അധികാരപത്രം നല്‍കി ചാര്‍ജെടുത്തു.

ഇന്തോനേഷ്യയില്‍ അംബാസഡറായി പ്രവര്‍ത്തിച്ചുവരവേയാണ് പുതിയ നിയമനം. ജര്‍മനിയിലെ 23-ാമത്തെ അംബാസഡറാണു ഗുര്‍ജിത് സിംഗ്. 1980 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ ഗുര്‍ജിത് സിംഗ് അജ്മീര്‍ മായോ കോളജ്, കോല്‍ക്കത്ത സെന്റ് സേവ്യേഴ്സ് കോളജ്, ഡല്‍ഹി ജവഹര്‍ലാല്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റഡീസ്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയിഡ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ രണ്ടു പ്രാവശ്യം ജപ്പാനിലെ ടോക്കിയോ, കെനിയായിലെ നയ്റോബി, ഇറ്റലിയിലെ റോം എന്നീ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്നു എത്യോപ്യാ, ജിബൂത്തി എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍, ആഫ്രിക്കന്‍ യൂണിയന്‍ ഇക്കണോമിക് കമ്മീഷനിലെ ഇന്ത്യന്‍ പ്രതിനിധി, ഇന്തോനേഷ്യയിലെ അംബാസഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നിരവധി സാമ്പത്തിക, വാണിജ്യ പുസ്തകങ്ങളുടെ രചയിതാവാണു ഗുര്‍ജിത് സിംഗ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന നീറു സിംഗാണു ഭാര്യ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍