യൂറോപ്യന്‍ യൂണിയനില്‍ വീറ്റോ അധികാരം വരുന്നു
Tuesday, February 2, 2016 10:22 AM IST
ലണ്ടന്‍: ഐക്യരാഷ്ട്ര സഭയില്‍ ഏറെ വിമര്‍ശന വിധേയമായിട്ടുള്ള വീറ്റോ അധികാരത്തിനു സമാനമായ വ്യവസ്ഥ യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തുന്നു. യുകെയുമായി നടത്തിവരുന്ന ചര്‍ച്ചകളുടെ ഭാഗമാണ് ഈ വിട്ടുവീഴ്ച.

ഇഷ്ടപ്പെടാത്ത യൂറോപ്യന്‍ യൂണിയന്‍ തീരുമാനങ്ങള്‍ ചില അംഗരാജ്യങ്ങള്‍ മാത്രം വിചാരിച്ചാല്‍ അട്ടിമറിക്കാന്‍ അധികാരം നല്‍കുന്നതാണു പരിഷ്കാരം. റെഡ് കാര്‍ഡ് എന്നാണ് യൂറോപ്പില്‍ ഇത് അറിയപ്പെടുന്നത്.

എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ 55 ശതമാനം രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ സമ്മതിച്ചാല്‍ മാത്രമേ ഇതു നടപ്പാകൂ. യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് അവതരിപ്പിക്കാന്‍ പോകുന്ന കരട് നിര്‍ദേശങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുമെന്നാണു കരുതുന്നത്.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിന്റെ ഭാവി തീരുമാനിക്കാന്‍ അടുത്ത വര്‍ഷം ബ്രിട്ടന്‍ ഹിതപരിശോധന നടത്താനിരിക്കുകയാണു പുതിയ തീരുമാനം. ബ്രിട്ടന്‍ യൂണിയന്‍ വിട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു പല പരിഷ്കാരങ്ങളും കൊണ്ടുവരുന്നതെന്നു വ്യക്തം.

ഇതിനിടെ, യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോയാല്‍ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ഒരു ലക്ഷം പേരുടെ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. മൈഗ്രേഷന്‍ വാച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

നിലവില്‍ 1,80,000 ആണ് യുകെയിലെ നെറ്റ് മൈഗ്രേഷന്‍. യൂറോപ്പില്‍നിന്നുള്ള സ്വതന്ത്ര കുടിയേറ്റം അവസാനിപ്പിച്ചാല്‍ ഇത് വെറും 65,000 ആയി കുറയുമെന്നും കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍