ജര്‍മന്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയം ഉയര്‍ത്തി
Friday, January 29, 2016 8:40 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജനുവരി ഒന്നു മുതല്‍ ജര്‍മനിയിലെ 77 ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവരുടെ പ്രീമിയം ഉയര്‍ത്തി. 21 യൂറോ ആണ് ഉയര്‍ത്തിയത്. ജര്‍മന്‍ പാര്‍ലമെന്റില്‍ ഗ്രീന്‍പീസ് പാര്‍ട്ടി മെംബറുടെ ചോദ്യത്തിന് ഔദ്യോഗികമായി നല്‍കിയ മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്. എന്നാല്‍ മറ്റ് 40 ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവരുടെ മാസ പ്രീമിയത്തില്‍ യാതൊരു വര്‍ധനവും വരുത്തിയിട്ടില്ല. സാധാരണ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ മാസ പ്രീമിയത്തിന്റെ പകുതി ജോലിദാതാവും പകുതി ജോലിക്കാരനുമാണ് അടയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ 77 ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വരുത്തിയ 21 യൂറോ പ്രീമിയത്തിന്റെ പകുതി ജോലിദാതാവ് നല്‍കുകയില്ല. അതായത് വര്‍ധന മുഴുവന്‍ ജോലിക്കാരന്‍തന്നെ നല്‍കണം.

ജര്‍മനിയിലെ 77 ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മാസം 21 യൂറോ വര്‍ധനവിലും മറ്റ് 40 ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കു യാതൊരു വര്‍ധനയും വരുത്താതെയും സുഗമമായി പ്രവര്‍ത്തിക്കുന്നു. ഇതിനെതിരേ ജര്‍മന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച നീക്കം ആരംഭിച്ചു. ജര്‍മന്‍ ആരോഗ്യ വകുപ്പിന്റെ കഴിവില്ലായ്മയും ഒത്താശയുമാണ് ഇതിനു കാരണമെന്നു ജര്‍മന്‍ പ്രതിപക്ഷവും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് അംഗങ്ങളും ആരോപണം നടത്തുന്നു. ഇതിനെതിരേ പ്രത്യക്ഷ സമര പരിപാടികളും ആലോചിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍