700 ടണ്‍ സ്വര്‍ണം ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് ജര്‍മനിയിലെത്തിച്ചു
Thursday, January 28, 2016 10:20 AM IST
ബെര്‍ലിന്‍: ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് എഴുനൂറു ടണ്‍ സ്വര്‍ണം വിദേശത്തുനിന്നു നാട്ടിലെത്തിച്ചു. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണു ജര്‍മനി. എന്നാല്‍, ചരിത്രപരമായ കാരണങ്ങളാല്‍ ഇതിലേറെയും സൂക്ഷിച്ചിരുന്നത് വിദേശ രാജ്യങ്ങളിലാണ്.

ജര്‍മനിയുടെ വിദേശ സ്വര്‍ണ ശേഖരം പലതരം ദുരൂഹതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണു ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് ഇവ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

ആകെ 3381 ടണ്‍ ആണു ജര്‍മനിയുടെ സ്വര്‍ണ ശേഖരം. ഇതില്‍ പകുതിയിലേറെയും നാട്ടിലെത്തിക്കാനാണു തീരുമാനം. വിവിധ രാജ്യങ്ങളില്‍ രഹസ്യമായിട്ടാണ് ഇതുസൂക്ഷിച്ചിരിക്കുന്നത്. ജര്‍മനിയെ കൂടാതെ ബ്രിട്ടന്‍, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് 12.5 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണകട്ടികളാക്കി സ്വര്‍ണശേഖരം സൂക്ഷിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍