ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറാന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
Wednesday, January 27, 2016 10:04 AM IST
വത്തിക്കാന്‍സിറ്റി: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൌഹാനി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകളില്‍ കര്‍ദിനാള്‍ സ്റേറ്റ് സെക്രട്ടറി പീട്രോ പരോലിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരും പങ്കെടുത്തു.

ആണവ പ്രശ്നത്തില്‍ നിലനിന്ന ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെട്ടതോടെ യൂറോപ്പുമായി കൂടുതലായി അടുക്കാനുള്ള ശ്രമത്തിലാണ് റൌഹാനിയുടെ സന്ദര്‍ശനം. പര്യടനത്തിന്റെ രണ്ടാം പാദത്തില്‍ അദ്ദേഹം ഫ്രാന്‍സിലാണ് എത്തുന്നത്. ഇറ്റലിയില്‍ മൂന്നു ദിവസം പര്യടനം നടത്തിയിരുന്നു.

ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍നിന്ന് 116 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറും ഫ്രഞ്ച് സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായും റൌഹാനി ചര്‍ച്ച നടത്തും.

ഇറ്റലിയില്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുമായി കാപ്പിറ്റോലിന്‍ മ്യൂസിയത്തിലാണു റൌഹാനി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഇവിടുത്തെ നഗ്ന പ്രതിമകള്‍ മൂടിവച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍