അഭയാര്‍ഥികളുടെ തള്ളിക്കയറ്റം: കലൈസ് തുറമുഖം അടച്ചു
Monday, January 25, 2016 9:57 AM IST
പാരീസ്: അഭയാര്‍ഥികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ കലൈസ് തുറമുഖം അടച്ചിട്ടു.

ബ്രിട്ടനിലേക്കു കടക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി അഭയാര്‍ഥികള്‍ ഇവിടെ ഒരു ഫെറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

കലൈസിലെ അഭയാര്‍ഥി ക്യാമ്പില്‍ ജീവിതം ദുസഹമായെന്നാരോപിച്ച് പ്രക്ഷോഭം നടത്തിയ രണ്ടായിരത്തോളം വരുന്ന അഭയാര്‍ഥികളാണ് ഫെറി കൈയേറിയത്. തുറമുഖത്തെ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഇവര്‍ക്കു മുന്നില്‍ നോക്കുകുത്തി മാത്രമായി.

അടച്ചിട്ടതോടെ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചു. അഭയാര്‍ഥികളെ സ്പിരിറ്റ് ഓഫ് ബ്രിട്ടന്‍ എന്ന ഫെറിയില്‍നിന്ന് പൂര്‍ണമായി നീക്കം ചെയ്ത ശേഷം മാത്രമേ തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍