ദാവോസില്‍ ഉയര്‍ന്നത് യൂറോപ്പിനെക്കുറിച്ചുള്ള ആശങ്ക
Monday, January 25, 2016 9:56 AM IST
ദാവോസ്: ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഇക്കുറി പ്രധാന ചര്‍ച്ചയായത് യൂറോപ്പിനെച്ചൊല്ലിയുള്ള ആശങ്കകളായിരുന്നു.

അഭയാര്‍ഥി പ്രശ്നത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്റെ ഐക്യം ഇല്ലാതാകുന്നു എന്നതാണ് ഇതില്‍ പ്രധാനം. യൂണിയനെ ഒരുമിച്ചു നിര്‍ത്താന്‍ ശേഷിയുള്ള നേതാവായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും.

എന്നാല്‍ ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ഥിപ്രവാഹത്തെ സ്വാഗതം ചെയ്ത മെര്‍ക്കല്‍ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ഒടുവില്‍ രാജ്യത്ത് എത്തിച്ചേര്‍ന്ന ഒരു മില്യനിലധികം വരുന്ന അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും സ്വന്തം ചെയ്തികള്‍ പിഴച്ചുപോയെന്നു സമ്മതിക്കുക മാത്രമല്ല രാജ്യത്തെ പൌരന്മാരുടെയും കൂട്ടുകക്ഷികളുടെയും എന്തിനേറെ സ്വന്തം പാര്‍ട്ടിക്കാരുടെയും വിമര്‍ശനത്തിനും വിധേയമാവുകയും ചെയ്തു. മെര്‍ക്കലിന്റെ ഇപ്പോഴത്തെ ചിന്ത അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിനെ അതിജീവിക്കാനുള്ള തന്ത്രവും അതിനുള്ള നെട്ടോട്ടവുമാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയോര്‍ത്തുള്ള അങ്കലാപ്പില്‍ മെര്‍ക്കലാവട്ടെ കടുംപിടുത്തങ്ങളില്‍ അയവു വരുത്തുകയും അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്നും പറഞ്ഞു. എങ്കിലും രാജ്യത്തെ അസ്വസ്ഥരായ പൌരന്മാരുടെ മന:സാക്ഷിവോട്ട് ഇക്കുറി മെര്‍ക്കലിനും പാര്‍ട്ടിക്കും ലഭിക്കാന്‍ ഇടയില്ല എന്ന അവസ്ഥയിലാണ്. അഭയാര്‍ഥികളായി എത്തിയവരാകട്ടെ ജര്‍മനിയുടെ സംസ്കാരം മാറ്റിയെഴുതാനുള്ള പുറപ്പാടിലുമാണ്. ഇതെല്ലാം കൂടിയായപ്പോള്‍ മെര്‍ക്കലിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ദിനംപ്രതി അഭയാര്‍ഥിപ്രശ്നം തലവേദന മാത്രമായി അവശേഷിക്കുന്നു.

യൂറോപ്പിന്റെ ആശങ്കകള്‍ ലോകം എങ്ങനെ പങ്കു വയ്ക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഇക്കണോമിക് ഫോറത്തില്‍ ഔദ്യോഗികമായും അനൌദ്യോഗികമായും നടന്ന ചര്‍ച്ചകളുടെ ഗതി.

യൂറോപ്യന്‍ യൂണിയന്‍ രൂപീകരിക്കപ്പെട്ട ശേഷം നേരിടുന്ന ഏറ്റവും വലിയ ശൈഥില്യ ഭീഷണിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ചൈനയുടെ സാമ്പത്തിക മാന്ദ്യവും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില തകര്‍ച്ചയും ആഗോള സാമ്പത്തിക വിപണികളുടെ തകര്‍ച്ചയും മധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികളുമാണ് ഇതിനു പുറമേ ഫോറത്തില്‍ പ്രധാന ചര്‍ച്ചകള്‍ക്കു പാത്രമായത്.

സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി വിവിധ യോഗങ്ങളില്‍ സംസാരിച്ചു. മോദി അധികാരറ്റേതിനു ശേഷമുള്ള ഇന്ത്യയുടെ വളര്‍ച്ചയും മറ്റും ചൂണ്ടിക്കാട്ടിയാണ് മന്ത്രി സംസാരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍