ഡെന്‍മാര്‍ക്ക് അഭയാര്‍ഥികള്‍ക്കെതിരെ നിയമഭേദഗതികളുമായി പാര്‍ലമെന്റില്‍
Saturday, January 23, 2016 8:54 AM IST
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെത്തിയ അഭയാര്‍ഥികളെ ദുരിതത്തിലേക്ക് തള്ളുന്ന പുതിയ നിയമഭേദഗതികള്‍ ഡാനിഷ് പാര്‍ലമെന്റ് കൊണ്ടു വരുന്നു. അഭയാര്‍ഥികളുടെ സ്വത്ത് പിടിച്ചെടുക്കാനും കുടുംബാംഗങ്ങളെ കാണുന്നതില്‍ നിന്ന് അവരെ വര്‍ഷങ്ങളോളം തടയാനും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമ പരിഷ്കരണം.

പാര്‍ലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ച ശേഷം ജനുവരി 26 നോടെ ഭേദഗതി നിര്‍ദേശങ്ങള്‍ നിയമമായി പ്രാബല്യത്തില്‍ വരും. ഈ നിയമപ്രകാരം ഡെന്‍മാര്‍ക്കിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് മാതൃരാജ്യത്തുള്ള സ്വന്തക്കാരെ കാണുന്നതിന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ മൂന്നു വര്‍ഷം വരെ കാത്തിരിക്കണം. ഡെന്‍മാര്‍ക്കിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്.

അതേസമയം ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കപ്പെട്ട നിയമ ഭേദഗതിക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ആംനസ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് അവരുടെ വിദേശ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് ആംനസ്റി മുന്നറിയിപ്പു നല്‍കി. 1450 ഡോളറില്‍ കവിഞ്ഞ് അഭയാര്‍ഥിയുടെ കൈവശമുള്ള പണവും തത്തുല്യ തുകയിലേറെ മൂല്യമുള്ള വസ്തുക്കളും തിരിച്ചുപിടിക്കണമെന്ന നിര്‍ദേശവും ഏറെ വിവാദമായിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍