ശാലോമിന് വിയന്ന അതിരൂപതയുടെ അംഗീകാരം
Saturday, January 23, 2016 8:50 AM IST
വിയന്ന: ഓസ്ട്രിയയില്‍ സുവിശേഷ പ്രഘോഷണ മേഖലയില്‍ സഭയോട് ചേര്‍ന്നുനിന്നുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ശാലോമിനു വിയന്ന അതിരൂപതയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ ബോണ്‍ ഔപചാരികമായി അംഗീകാരം നല്‍കി.

2015 ഓഗസ്റില്‍ കലിഫോര്‍ണിയായിലെ നാപ്പ ഇന്‍സ്റിറ്റ്യുട്ടില്‍ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തെപ്പറ്റി നടന്ന ഉന്നതതല സെമിനാറില്‍ പ്രഭാഷണം നടത്താന്‍ എത്തിയപ്പോഴാണ് കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ ശാലോമിനെക്കുറിച്ച് അറിഞ്ഞതും പരിചയപ്പെട്ടതും.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് ബെന്നി പുന്നത്തറ എന്ന അല്മായനിലൂടെ തുടങ്ങി ഇന്നു ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ശാലോമിനെക്കുറിച്ചും അതിന്റെ ശുശ്രൂഷകളെപ്പറ്റിയും വിശദമായി ചോദിച്ചറിഞ്ഞ കര്‍ദ്ദിനാള്‍ മീഡിയയിലൂടെ നടത്തുന്ന ശാലോമിന്റെ ലോകസുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ആകൃഷ്ടനായി. തുടര്‍ന്നു ശാലോമിനെ അദ്ദേഹം വിയന്നയിലേയ്ക്ക് ഔദ്യാഗികമായി ക്ഷണിക്കുകയായിരുന്നു. ശാലോമിനെ ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ വിയന്നയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. വിയന്നയുടെ കവാടങ്ങള്‍ ഞാന്‍ ശാലോമിനായി തുറന്നിടുന്നു. നിങ്ങളുടെ ശുശ്രുഷകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ സഹായവും പിന്തുണയും ഞാന്‍ ഉറപ്പാക്കുന്നു, കര്‍ദ്ദിനാള്‍ ശാലോം പ്രതിനിധികളോട് വാഗ്ദാനം ചെയ്തു.

2013 നവംബറില്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ (ഐസിസി വിയന്ന) ചാപ്ളെയിന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയാണ് ശലോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിയന്നയില്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു ശാലോമിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഡോ. ഫാ. റോയി പാലാട്ടി സിഎംഐയുടെ നേതൃത്വത്തില്‍ ആദ്യ സംഗമവും വിയന്നയില്‍ നടന്നു.

ഇതിനോടകം തന്നെ ശാലോമിന്റെ ശുശ്രുഷകള്‍ വിയന്ന അതിരൂപതയില്‍ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതിരൂപതാകേന്ദ്രത്തിന്റെ മീഡിയ വിഭാഗത്തിന്റെ വക്താവും സഭയുടെ മുഖപത്രമായ ദേര്‍ സോന്‍ഡാഗിന്റെ മുഖ്യ പത്രാധിപനുമായ ഡോ. മിഖായേല്‍ പ്രൂള്ളര്‍ വിയന്നയിലെ ശാലോം പ്രതിനിധികളുമായി നേരിട്ടു ചര്‍ച്ചകള്‍ നടത്തി വരുന്നു. യുറോപ്പിലെ സഭയെ പരിപോഷിപ്പിക്കാനും മലയാളികളുടെ സുവിശേഷ തീക്ഷണത വിശ്വാസ പ്രതിസന്ധി അനുഭവിക്കുന്ന ഓസ്ട്രിയയിലെ സഭയ്ക്ക് പകര്‍ന്നുനല്‍കാനുമായിരിക്കും വിയന്നയിലെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് മീഡിയയിലൂടെ ലോക സുവിഷേഷീകരണത്തിനായി ആരംഭിച്ച അല്മായ കരിസ്മാറ്റിക്ക് പ്രസ്ഥാനമാണ് ശാലോം. അതുകൊണ്ടു തന്നെ ശാലോമിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് കേരളത്തിലെയും വിവിധ രാജ്യങ്ങളില്‍ പ്രാവാസികളായി അയയ്ക്കപ്പെട്ടിരിക്കുന്ന മലയാളികളിലൂടെയാണ്. ഇതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍ ശാലോം ഫെസ്റിവല്‍ വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചു വരുന്നത്. അടുത്ത ശാലോം ഫെസ്റിവല്‍ 2016 മേയ് 20 മുതല്‍ 22 വരെ തീയതികളില്‍ വിയന്നയില്‍ നടക്കും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി