അഭയാര്‍ഥി ക്വോട്ട: യുകെയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം
Wednesday, January 20, 2016 10:15 AM IST
ലണ്ടന്‍: യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളെ വിവിധ രാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ച് പുനരധിവസിപ്പിക്കാനുള്ള പദ്ധതി അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ യുകെയ്ക്ക് അന്ത്യശാസനം നല്‍കി.

ക്വോട്ട സമ്പ്രദായം അംഗീകരിച്ചില്ലെങ്കില്‍ അഭയാര്‍ഥി അപേക്ഷ നിരസിക്കുന്ന അപേക്ഷകരെ തിരിച്ചയയ്ക്കാനുള്ള യുകെയുടെ അവകാശം എടുത്തു കളയുമെന്നും മുന്നറിയിപ്പ്.

ഏതു രാജ്യത്തുനിന്നു യുകെയിലെത്തിയോ അവിടേക്കുതന്നെ അവരെ തിരിച്ചയയ്ക്കാനാണു ഡബ്ളിന്‍ ഉടമ്പടി പ്രകാരം യുകെയ്ക്ക് അവകാശമുള്ളത്. ഇത് റദ്ദാക്കുമെന്നാണു മുന്നറിയിപ്പ്.

2003നുശേഷം ഈ അവകാശം ഉപയോഗിച്ച് 12,000ത്തിലധികം പേരെ യുകെ തിരിച്ചയച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിക്കുന്ന ക്വോട്ട അംഗീകരിക്കില്ലെന്നും സ്വന്തമായി കുറഞ്ഞ ക്വോട്ട നിശ്ചയിക്കുമെന്നുമാണ് യുകെയുടെ നിലപാട്.

ഇതിനിടെ, മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതിനകം 31,244 പേര്‍ ഗ്രീസിലെത്തിക്കഴിഞ്ഞു എന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത്തൊന്നു മടങ്ങ് വര്‍ധനയാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം അഭയാര്‍ഥികള്‍ ഗ്രീസിലെത്തിയെങ്കില്‍ ഈ വര്‍ഷം അതിനപ്പുറം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍