അഭയാര്‍ഥിപ്രശ്നം: പെട്രോളിനു നികുതി കൂട്ടണമെന്നു ധനമന്ത്രി ഷൊയ്ബളെ
Monday, January 18, 2016 10:04 AM IST
ബെര്‍ലിന്‍: അഭയാര്‍ഥിപ്രശ്നം നേരിടുന്നതിനുള്ള ധനസമാഹരണത്തിനു പെട്രോളിനു മേലുള്ള നികുതി വര്‍ധിപ്പിക്കണമെന്നു ജര്‍മന്‍ ധനമന്ത്രി ഡോ.വോള്‍ഫ്ഗാങ് ഷൊയ്ബളെ. രാജ്യത്ത് വര്‍ധിപ്പിക്കുന്ന കാര്യമല്ല, യൂറോപ്യന്‍ യൂണിയന്‍ ഒന്നടങ്കം ഈ തീരുമാനമെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

യൂറോപ്യന്‍ ബജറ്റിലും അംഗരാജ്യങ്ങളുടെ ബജറ്റുകളിലും അഭയാര്‍ഥി പ്രശ്നം നേരിടുന്നതിനു മതിയായ അളവില്‍ പണം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പെട്രോളിന് നികുതി വര്‍ധിപ്പിക്കാം. പണത്തിനു മാര്‍ഗമില്ലാത്തതു കൊണ്ടു മാത്രം പരിഹാരമില്ലാതെ ശേഷിക്കാന്‍ പാടുള്ളതല്ല ഈ പ്രശ്നമെന്നും ഷൊയ്ബളെ.

ഇതിനിടെ, അഭയാര്‍ഥ പ്രവാഹം തടയാന്‍ ഓസ്ട്രിയ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ജര്‍മനിയിലേക്കു കുടിയേറാന്‍ മാത്രം ലക്ഷ്യമിട്ട് രാജ്യത്തെത്തുന്നവരെ തിരിച്ചയയ്ക്കാനുള്ള ദൌത്യം സൈന്യത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. തുറന്ന അതിര്‍ത്തികള്‍ കുറച്ചു കാലം അടച്ചിടേണ്ടിവരുമെന്നും ഓസ്ട്രിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍