ജര്‍മനിയിലെ അഭയാര്‍ഥികളായ പുരുഷന്‍മാര്‍ക്കു നീന്തല്‍ക്കുളങ്ങളില്‍ വിലക്ക്
Saturday, January 16, 2016 10:28 AM IST
ബോണ്‍ഹൈം: അഭയാര്‍ഥികളായ പുരുഷന്‍മാര്‍ക്കു ബോണ്‍ഹൈമിലെ നീന്തല്‍ക്കുളങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ചില സ്ത്രീകള്‍ അപമാനിക്കപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊളോണ്‍ ലൈംഗിക അതിക്രമംകൂടി കണക്കിലെടുത്താണ് അധികൃതര്‍ ശക്തമായ നടപടി തന്നെ സ്വീകരിച്ചത്.

ഒരു അഭയാര്‍ഥിക്യാമ്പിനു സമീപത്തു പ്രവര്‍ത്തിക്കുന്ന നീന്തല്‍ക്കുളത്തിലാണ് സ്ത്രീകള്‍ക്കു ശല്യമുണ്ടായത്. കൊളോണിന് ഇരുപതു കിലോമീറ്റര്‍ മാത്രം അകലെയാണു ബോണ്‍ഹൈം.

ഇതിനിടെ, കൊളോണ്‍ സംഭവത്തിന്റെ പേരില്‍ മുഴുവന്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും മുന്‍വിധിയോടെ കാണുന്നതു ശരിയല്ലെന്നു നരിമാന്‍ റീങ്കെ എന്ന ജര്‍മന്‍ സൈനിക ഉദ്യോഗസ്ഥ അഭിപ്രായപ്പെട്ടു. മൊറോക്കന്‍ കുടിയേറ്റക്കാരന്റെ മകളും ഇസ്ലാം മതവിശ്വാസിയുമാണു റീങ്കെ.

ഇതുവരെ ലിംഗഭേദമില്ലാതെയും വിവേചനമില്ലാതെയും നീന്തല്‍ക്കുളങ്ങളിലും മറ്റും അനായാസേന കടന്നു ചെല്ലാന്‍ കഴിഞ്ഞിരുന്ന ജര്‍മനിയില്‍ പലകാര്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജര്‍മന്‍ പൌരന്മാരുടെ സ്വൈര്യജീവിതം തകര്‍ക്കുന്ന രീതിയിലുള്ള അഭയാര്‍ഥികളുടെ അഴിഞ്ഞാട്ടം മൂലം മാത്രമാണ്. ഇനിയിപ്പോള്‍ പാര്‍ക്കുകളിലും പൊതു സ്ഥലങ്ങളിലും ഇത്തരം നിരോധനങ്ങള്‍ വന്നുകൂടായ്കയില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍