യുഎസ് വീസാ നിരക്കുകള്‍ ഉയര്‍ത്തി; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു തിരിച്ചടി
Saturday, January 16, 2016 10:23 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ന്യൂയോര്‍ക്ക്: അമേരിക്കയിലെ എച്ച് വണ്‍ ബി, എല്‍ വണ്‍ വിഭാഗത്തില്‍പ്പെട്ട വീസകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചു. 4500 ഡോളര്‍ (ഏകദേശം മൂന്നു ലക്ഷം രൂപ) വരെയാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

ഡിസംബര്‍ 2015 നുശേഷം സമര്‍പ്പിച്ച അപേക്ഷകര്‍ എച്ച് 1 ബി വീസയ്ക്ക് നാലായിരം ഡോളര്‍ അധികമായി നല്‍കണം. എല്‍ വണ്‍ എ, എല്‍ വണ്‍ ബി വീസയാണെങ്കില്‍ 4500 ഡോളറാണ് അധികമായി നല്‍കേണ്ടത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളെ നിരക്കു വര്‍ധന വളരെയേറെ പ്രതികൂലമായി ബാധിക്കും. വീസാ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ അവരുടെ പ്രവര്‍ത്തന ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഐടി രംഗത്ത് തൊഴില്‍ തേടുന്ന ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയും സാമ്പത്തിക ഭാരവും ഉണ്ടാക്കും. പുതിയ നിരക്കുകള്‍ക്ക് 2025 സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

പുതുക്കിയ അമേരിക്കന്‍ വീസാ നിരക്കുകള്‍ യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്കും ബാധകമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍