വാരാന്ത്യത്തില്‍ ജര്‍മനി തണുത്തുറയുമെന്നു കാലാവസ്ഥാ പ്രവചനം
Friday, January 15, 2016 10:07 AM IST
ബെര്‍ലിന്‍: ഈ വരാന്ത്യത്തില്‍ ജര്‍മനി തണുത്തുറയുമെന്നും മഞ്ഞുവീഴ്ചകൊണ്ട് ജര്‍മനി മൂടുമെന്നും കാലാവസ്ഥാ പ്രവചനം. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബ്ളായ്ക്ക് ഫോറസ്റ് പ്രദേശങ്ങളില്‍ 20 മുതല്‍ 30 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. ജര്‍മനിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ അഞ്ചു സെന്റി മീറ്ററും മധ്യതലങ്ങളില്‍ 10 സെന്റീ മീറ്ററും അളവില്‍ മഞ്ഞപെയ്യുമെന്നാണ് പ്രവചനം. പശ്ചിമ ഭാഗങ്ങളില്‍ മഞ്ഞോടുകൂടി മഴയും ഉണ്ടാവും. അന്തരീക്ഷ താപനില മൈനസ് 10 ഡിഗ്രി വരെയും രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ചയുമാണു കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഞായറാഴ്ചത്തെ അന്തരീക്ഷ താപനിലയില്‍ മൈനസ് 6 എന്നതിന് വ്യതിയാനം ഉണ്ടാവാതെ മഞ്ഞുവീഴ്ച തുടരുമെന്നും മുന്നറിയിപ്പുണ്ട്. മധ്യജര്‍മനിയിലും തെക്കന്‍ ജര്‍മനിയിലും മഞ്ഞുവീഴ്ചയുടെ കാഠിന്യം ഏറെയായിരിക്കും.

എന്നാല്‍, വെള്ളിയാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞുവീഴ്ചയെ തുടര്‍ന്നുള്ള മഴയില്‍ അന്തരീക്ഷ താപനില താഴുമ്പോഴുണ്ടാകുന്ന മഞ്ഞിന്റെ തണുത്തുറയല്‍ ആണ് അപകടങ്ങളുടെ മുഖ്യകാരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍