തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ വാട്സ്ആപ്പ് സന്ദേശം വായിക്കാം: കോടതി
Thursday, January 14, 2016 10:18 AM IST
ബ്രസല്‍സ്: ജോലി സമയത്ത് ജീവനക്കാര്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങളിലൂടെ അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ വായിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നു യൂറോപ്യന്‍ കോടതി വിധിച്ചു. ജോലിക്കാര്‍ ജോലിസമയത്ത് സോഷ്യല്‍ മീഡിയില്‍ ഉപയോഗിക്കുന്ന എന്തും തൊഴിലുടമയ്ക്ക് പരിശോധിക്കാന്‍ അവകാശം നല്‍കുന്നതാണ് ഈ വിധി.

ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള തൊഴിലുടമയുടെ അവകാശത്തിന്റെ ഭാഗമാണിതെന്നും സുപ്രധാന വിധിയില്‍ കോടതി വ്യക്തമാക്കുന്നു. ജോലിസമയം സ്വകാര്യ കാര്യങ്ങള്‍ക്കായി ചിലപ്പോഴെക്കെ ദുരുപയോഗം ചെയ്യുന്നതും പതിവുള്ള കാര്യമായതുകൊണ്ട് ഓണ്‍ലൈന്‍ ഇടപാടുകളും സസൂക്ഷ്മം പരിശോധിക്കാന്‍ തൊഴിലുടമയ്ക്ക് മേലധികാരികള്‍ക്ക് അവകാശമുണ്ടായിരിക്കും എന്നോര്‍മപ്പെടുത്തുന്നതാണു കോടതി വിധി. അതുതന്നെയുമല്ല ജോലിസംബന്ധമായ ഉപകരണങ്ങള്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ലന്നും ഈ വിധിയിലൂടെ പറയുന്നു. ഔദ്യോഗിക തൊഴിലുപകരണങ്ങള്‍ അതിനായി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. എന്നാല്‍ ഉപകരണങ്ങള്‍ എപ്പോഴും വൃത്തിയായി കേടുകൂടാതെ ഉപയോഗിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു.

ജോലി സമയത്ത് കാമുകിയുമായി ചാറ്റ് ചെയ്തതിനു പിരിച്ചുവിടപ്പെട്ട റൊമാനിയന്‍ ജീവനക്കാരന്റെ ഹര്‍ജി തള്ളിക്കൊണ്ടാണു കോടതിയുടെ തീര്‍പ്പ്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച യൂറോപ്യന്‍ കണ്‍വന്‍ഷന്‍ അംഗീകരിച്ച ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കു ബാധകമാണു വിധി.

എന്നാല്‍ ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ വിധിയെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍