കൊളോണ്‍ ആക്രമണത്തിന്റെ ഞെട്ടലില്‍നിന്നു മുക്തമാകാതെ യൂറോപ്പ്
Thursday, January 14, 2016 10:17 AM IST
കൊളോണ്‍: പുതുവര്‍ഷരാത്രിയില്‍ നൂറു കണക്കിനു സ്ത്രീകളെ അറുനൂറോളം പേരടങ്ങുന്ന പുരുഷന്‍മാര്‍ കൂട്ടമായി ആക്രമിക്കുക, ലൈംഗികമായി അതിക്രമം കാട്ടുക. യൂറോപ്പിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടാണു ജര്‍മന്‍ നഗരമായ കൊളോണ്‍ 2016നെ വരവേറ്റത്.

പിന്നീട് വാര്‍ത്തകള്‍ വന്നു, ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, പല യൂറോപ്യന്‍ നഗരങ്ങളിലും സമാന അതിക്രമങ്ങള്‍ അരങ്ങേറി, എല്ലായിടത്തും പ്രതിക്കൂട്ടില്‍ വിദേശികള്‍ മാത്രം. പുതുവര്‍ഷം പിറന്ന് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല യൂറോപ്പ്.

കൊളോണില്‍ മാത്രം അഞ്ഞൂറിലധികം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്തുകഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 561. ഇതില്‍ നാല്‍പ്പതു ശതമാനവും ലൈംഗിക അതിക്രമം സംബന്ധിച്ചുതന്നെ. ശനിയാഴ്ച വരെ 379 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്.

ഹാംബുര്‍ഗിലും 133 കേസുകള്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇവിടെ അക്രമികളില്‍ ഒരാളെപ്പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആഫ്രിക്കന്‍, അറബ്, തെക്കന്‍ യൂറോപ്യന്‍ പുരുഷന്‍മാര്‍ എന്ന മൊഴി മാത്രമാണ് അന്വേഷണത്തിന് ആശ്രയം.

1.1 മില്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തു വന്നിറങ്ങിയപ്പോള്‍ സ്വാഗതം ചെയ്ത പലരും ഇപ്പോള്‍ മാറി ചിന്തിക്കുന്നു. അഭയാര്‍ഥികളോടുള്ള യൂറോപ്പിന്റെയാകെ കാഴ്ചപ്പാട് എതിരാകാന്‍ കാരണമായിരിക്കുന്നു കൊളോണ്‍ സംഭവം.

ഇതുവരെ അഭയാര്‍ഥികളോട് ഉദാര സമീപനം സ്വീകരിച്ചിരുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഇപ്പോള്‍ സ്വരം കടുപ്പിച്ചിരിക്കുന്നു. കുറ്റവാളികളായി കണ്ടെത്തുന്ന അഭയാര്‍ഥികളെ എത്രയും വേഗം നാടുകടത്താന്‍ കഴിയുന്ന വിധത്തിലുള്ള നിയമ ഭേദഗതികള്‍ നടപ്പാക്കുമെന്നാണ് അവരുടെ പ്രഖ്യാപനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍