വിദേശികളായ അക്രമികളെ നാടുകടത്തുമെന്നു ജര്‍മന്‍ സര്‍ക്കാര്‍
Tuesday, January 12, 2016 10:06 AM IST
ബെര്‍ലിന്‍: കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജര്‍മനിയെ ലോകസമക്ഷം നാണംകെടുത്തുന്ന ലൈംഗികാതിക്രമങ്ങളുടെയും മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളുടെയും വെളിച്ചത്തില്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികളെ ഉടന്‍തന്നെ ജര്‍മനിയില്‍നിന്നു നാടുകടത്തുമെന്നു സര്‍ക്കാര്‍.

ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഭരിക്കുന്ന വിശാലമുന്നണി കൂട്ടുകെട്ടില്‍ ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന ചര്‍ച്ചകളില്‍ ഇരുകക്ഷികളും തമ്മില്‍ ഐകകണ്ഠ്യേന തീരുമാനമായി.

ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ, നിയമകാര്യമന്ത്രി ഹൈക്കോ മാസ് എന്നിവര്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതിക്രമം നടത്തിയെന്ന സംശയത്തിന്റെ നിഴലില്‍ ആണെങ്കില്‍പ്പോലും ഇത്തരക്കാര്‍ നാടുകടത്തപ്പെടുമെന്നു തീര്‍ച്ചയായി.

ലൈംഗികാതിക്രമം, ശാരീരിക കൈയേറ്റം മാത്രമല്ല, നല്ലനടപ്പിനു വിധിച്ചാല്‍പ്പോലും നാടുകടത്തപ്പെടും. നിയമം ഉടനെ പ്രാബല്യത്തിലാക്കുമെന്നും മന്ത്രി ഹൈക്കോ മാസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍