കൊളോണില്‍ വംശീയാക്രമണം; ഭയാശങ്കയോടെ വിദേശികള്‍
Monday, January 11, 2016 9:47 AM IST
കൊളോണ്‍: പുതുവര്‍ഷരാത്രിയിലെ ലൈംഗിക അതിക്രമം അരങ്ങേറിയതിന്റെ ചൂടും വിവാദങ്ങളും കെട്ടടങ്ങും മുമ്പേ അതിന്റെ തിരിച്ചടിയെന്നോണം കൊളോണില്‍ വിദേശികള്‍ക്കു നേരേ ആക്രമണം ഉണ്ടായി. ഇരുപതു പേരടങ്ങുന്ന സംഘമാണ് പാക്കിസ്ഥാന്‍, സിറിയന്‍ പൌരന്മാര്‍ക്കു നേരെ ഞായറാഴ്ച വൈകുന്നേരം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ആറു പാക്കിസ്ഥാന്‍ പൌരന്മാരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ എല്ലാവരുംതന്നെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പാക്കിസ്ഥാന്‍കാരെ ആക്രമിച്ചതിന്റെ പിന്നാലെ അഞ്ചുപേരടങ്ങുന്ന സംഘമാണു സിറിയക്കാരനെ ആക്രമിച്ചത്. സിറിയക്കാരനും മാരകമായി പരിക്കേറ്റിട്ടുണ്ട്. കൊളോണിലെ മെയിന്‍ റെയില്‍വേ സ്റേഷന്‍, കത്തീഡ്രല്‍ പരിസരങ്ങളിലാണു വിദേശികള്‍ക്കു നേരേ അക്രമണമുണ്ടായത്. ഒരു സംഘം ഹൂലിഗന്‍സ് വിദേശികള്‍ വേട്ടയാടപ്പെടും എന്നു ഫേസ്ബുക്കിലൂടെ കുറിപ്പു നല്‍കിയിരുന്നതായി എക്സ്പ്രസ് പത്രം വെളിപ്പെടുത്തുന്നു.

പുതുവര്‍ഷ രാത്രിയിലെ ആഘോഷത്തിനിടെ ആയിരത്തോളം അറബ്, ആഫ്രിക്കന്‍ അഭയാര്‍ഥികളാണു നൂറോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത്.

ആക്രണത്തിന്റെ വെളിച്ചത്തില്‍ സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെങ്കിലും വിദേശി ആക്രമണ ഭീതി അടിക്കടി കൂടിവരികയാണ്.

ശനിയാഴ്ച കൊളോണില്‍ വിദേശികള്‍ക്കെതിര ആഞ്ഞടിക്കുന്ന പെഗിഡ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ പോലീസുമായി ഏറ്റുമുട്ടിയ സംഭവവും കണക്കിലെടുത്താല്‍ നേരെ ചൊവ്വെ ജീവിക്കുന്ന വിദേശികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് ഭയംകൂടാതെ വീടിനു പുറത്തിറങ്ങാനോ ജോലിസ്ഥലങ്ങളില്‍ എത്താനോ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍