ജര്‍മനി കുടിയേറ്റനയം കഠിനമാക്കുമെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍
Saturday, January 9, 2016 10:39 AM IST
ബെര്‍ലിന്‍: പുതുവര്‍ഷരാത്രിയില്‍ കൊളോണിലും ജര്‍മനിയുടെ മറ്റു ഭാഗങ്ങളിലും അരങ്ങേറിയ ലൈംഗിക അതിക്രമവും അഴിഞ്ഞാട്ടവും ഇനിയുണ്ടാകാന്‍ പാടില്ലന്നുള്ള ഉറച്ച തീരുമാനവുമായി ജര്‍മനി കുടിയേറ്റ നിയമം കര്‍ക്കശമാക്കുന്നു. നിലവിലുള്ള കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി നിയമം കര്‍ക്കശമാക്കുമെന്ന പ്രഖ്യാപനമാണ് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നടത്തിയത്.

പുതുവര്‍ഷ രാത്രിയിലെ സംഭവങ്ങള്‍ ജര്‍മനിയെ നടുക്കിയെന്നു മാത്രമല്ല രാജ്യത്തിന് കളങ്കം ചാര്‍ത്തിയെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളോടു ജര്‍മനി കാണിക്കുന്ന തുറന്ന സമീപനം രാജ്യത്തിന് ആപത്കരമാണെന്നും മെര്‍ക്കല്‍ മുന്നറിയിപ്പു നല്‍കി.

സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വം ഒരു പരിധിവരെ സംഭവത്തെ വഷളാക്കിയെന്നും മെര്‍ക്കല്‍ പറഞ്ഞു. സംഭവത്തിന്റെ റിപ്പോര്‍ട്ടു തേടിയ മെര്‍ക്കല്‍ കൊളോണ്‍ പോലീസ് മേധാവിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാവട്ടെ മേധാവിയുടെ തൊപ്പി തെറിക്കുകയും ചെയ്തു.

അക്രമത്തിനു മുതിരുന്ന അഭയാര്‍ഥികളെ ഉടനടി നടുകടത്തുമെന്നും അക്രമി, സംശയത്തിന്റെ നിഴലിലാണെങ്കില്‍പ്പോലും നാടുകടത്തല്‍ നടപടി ഉണ്ടാവുമെന്ന് അവര്‍ അസന്നിഗ്ധമായി പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് ഇത്തരക്കാര്‍ മൂന്നു വര്‍ഷം ശിക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ നാടുകടത്തല്‍ നടപടി ഉണ്ടാവു. കൂടാതെ അവരുടെ മാതൃഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള ജീവഹാനി ഭീഷണി ഇല്ലായെന്നു ഉറുപ്പു വരുത്തുകയും വേണം. എന്നാല്‍ ഭാവിയില്‍ കുടിയേറുന്ന ഏതൊരഭയാര്‍ഥിയേയും യാതൊരുവിധ പ്രൊവിഷനും കൂടാതെ നാടുകടത്തുമെന്നും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ അഭയാര്‍ഥികളെ നിയമം അനുശാസിക്കുന്ന രീതില്‍ കൈകാര്യം ചെയ്യപ്പെടും. ശനിയാഴ്ച മൈന്‍സില്‍ നടന്ന മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃതല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അക്രമം നടത്തുന്ന അഭയാര്‍ഥികള്‍ക്കെതിരെ മെര്‍ക്കലിന്റെ ശക്തമായി താക്കീത് ഉണ്ടായത്.

ഇന്ത്യയിലെ കൂട്ടമാനഭംഗത്തെപോലും വെല്ലുന്ന രീതിയിലാണ് കൊളോണില്‍ ലൈംഗികാതിക്രമം അരങ്ങേറിയത്. ഇരുപത്തിമൂന്നുകാരിയെ മുപ്പതോളം പേര്‍ കൂട്ടമായി ശാരീരികമായി കൈയേറ്റം ചെയ്ത കഥ വാദി തന്നെ പോലീസിനെ ബോധിപ്പിച്ചുവെങ്കിലും കഥകള്‍ ഇതുവരെ മൂടിവയ്ക്കുകയായിരുന്നത് ഇപ്പോള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നയം വ്യക്തമാക്കിയുള്ള മെര്‍ക്കലിന്റെ തിരുത്തലുകള്‍.

സംഭവത്തില്‍ രണ്ടു പേരെ മാത്രമാണ് പോലീസ് അറസ്റുചെയ്തത്. 20 ഓളം പേര്‍ സംശയത്തിന്റെ നിഴലിലും. ഇവരെല്ലാം തന്നെ 21നും 35നും ഇടയില്‍ പ്രായമുള്ള അറബ്, ആഫ്രിക്കന്‍ വംശജരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍