ഹിറ്റ്ലറുടെ ആത്മകഥ 'മൈന്‍ കാംഫ്' ജര്‍മന്‍ വിപണിയിലെത്തി
Friday, January 8, 2016 10:20 AM IST
ബെര്‍ലിന്‍: രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമായി ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ 'മൈന്‍ കാംഫ്' (എന്റെ പോരാട്ടം) വീണ്ടും അച്ചടിച്ച് പ്രസിദ്ധീകരിച്ചു. 1945ല്‍ ബുക്കിന്റെ പകര്‍പ്പവകാശം ബവേറിയ സംസ്ഥാനം നേടിയിരുന്നു.

കൃതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന്റെ കാലാവധി 2015 ഡിസംബര്‍ 31 ന് അവസാനിച്ച സാഹചര്യത്തിലാണു പുസ്തകത്തിന്റെ പുനഃപ്രസീദ്ധീകരണം നടത്തിയത്. ജനുവരി എട്ടു (വെള്ളി) മുതല്‍ പുസ്തകം രാജ്യത്തെ ബുക്ക് സ്റാളുകളില്‍ ലഭ്യമായിത്തുടങ്ങി.

ആകെ 1948 പേജ് വരുന്ന പുസ്തകം രണ്ടു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിച്ചത്. 59 യൂറോയാണ് പുസ്തകത്തിന്റെ വില. മ്യൂണിക്കിലെ കണ്ടംപററി ഹിസ്ററി ഇന്‍സ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. 2009 മുതല്‍ ഈ പുസ്തകം പുനപ്രസിദ്ധീകരിക്കുന്നതിനുള്ള കഠിന ശ്രമത്തിലായിരുന്നു പ്രസാധകരായ വിര്‍സ്ചിങ്. ആദ്യ പതിപ്പില്‍ നാലായിരം പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിച്ചിരിക്കുന്നത്.

1925 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പകര്‍പ്പവകാശം രണ്ടാംലോക യുദ്ധാനന്തരം ജര്‍മനിയെ പരാജയപ്പെടുത്തിയ സഖ്യകക്ഷികളാണ് ബവേറിയക്ക് കൈമാറിയത്. യുദ്ധവേളയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം വിദ്വേഷപ്രചാരണം ഭയന്ന് ബവേറിയ സര്‍ക്കാര്‍ ഇത്രയും കാലം നിരോധിച്ചിരുന്നു. 1925 മുതല്‍ 1944 വരെ കാലയളവില്‍ പുസ്തകത്തിന്റെ 124 ലക്ഷം കോപ്പികള്‍ വിറ്റിട്ടുണ്ടെന്നാണു കണക്ക്. ഹിറ്റ്ലറുടെ ഭരണകാലത്ത് ഈ പുസ്തകം നവദമ്പതികള്‍ക്കു സമ്മാനമായും നല്‍കിയിരുന്നു.

എന്നാല്‍ നാസി ഭരണത്തിലുണ്ടായ സംഭവങ്ങള്‍ മനസിലാക്കാന്‍ പുസ്തകം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാഡമിക് വൃത്തങ്ങള്‍. പക്ഷേ, നാസി അനുകൂലവികാരം പടരുമെന്ന ആശങ്കയുള്ളതിനാല്‍ വ്യാപകമായ പ്രസിദ്ധീകരണം നിയന്ത്രിക്കുമെന്നു ജര്‍മന്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജര്‍മനിയിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഈ പുസ്തകം ഉള്‍പ്പെടുത്തുമെന്ന് ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രി ജോവാന വാങ്കെ പറഞ്ഞു. 'മൈന്‍ കാംഫ്' എന്ന പുസ്തകം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു ജര്‍മന്‍ അധ്യാപകരുടെ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ തീവ്രവാദത്തിനെതിരേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ ഇതു സഹായിക്കുമെന്നാണ് അധ്യാപകരുടെ വാദം. നിരോധനം നീക്കി വീണ്ടും പുറത്തിറക്കുന്ന പുസ്തകത്തില്‍ ഹിറ്റ്ലറുടെ വാക്കുകള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പ്രത്യേകം നല്‍കിയിട്ടുണ്ട്. ഈ രൂപത്തില്‍ വേണം ഇതു കുട്ടികളെ പഠിപ്പിക്കാനെന്നും അധ്യാപകര്‍ നിര്‍ദേശിക്കുന്നു.

പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണത്തില്‍ ജര്‍മനിയിലെ ജൂത സംഘടനകള്‍ രോഷാകുലരാണ്. ഇതിനിടെ, ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ പുനപ്രസിദ്ധീകരിച്ചതു സംബന്ധിച്ച വിവാദം ഇസ്രയേലിലും കൊടുങ്കാറ്റുയര്‍ത്തുന്നു.

തന്റെ വംശീയ, ജൂതവിരുദ്ധ നിലപാടുകള്‍ ഹിറ്റ്ലര്‍ തുറന്നു പ്രഖ്യാപിക്കുന്ന പുസ്തകമാണ് ആത്മകഥയായ മൈന്‍ കാംഫ്. 1920 കളില്‍ ജയിലില്‍ കഴിയുന്ന കാലത്ത് എഴുതിയതാണിത്. വ്യാഖ്യാന സഹിതമാണ് ഇതിന്റെ പുനപ്രസിദ്ധീകരണം എങ്കിലും ചിലപ്പോള്‍ വിവാദകൊടുങ്കാറ്റ് ഉയര്‍ത്തിയേക്കും.

ജര്‍മനിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ പുസ്തകം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഹിറ്റ്ലറുടെ തടവില്‍നിന്നു ജീവനോടെ രക്ഷപ്പെട്ട ഒന്നര ലക്ഷത്തിലധികം പേര്‍ ഇപ്പോഴും ഇസ്രയേലില്‍ ജീവിച്ചിരിപ്പുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍