ബയേണ്‍ മ്യൂണിക്കിന് റിക്കാര്‍ഡ് ലാഭം
Saturday, November 28, 2015 10:18 AM IST
മ്യൂണിക്: കളിക്കളത്തിനകത്തു മാത്രമല്ല, കണക്കു പുസ്തകങ്ങളിലും ജര്‍മന്‍ ഫുട്ബോള്‍ ക്ളബ് ബയേണ്‍ മ്യൂണിക് റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. 115 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മികച്ച ധനസ്ഥിതി വെളിവാക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം ക്ളബ് അവതരിപ്പിച്ചത്.

നികുതിക്കു മുമ്പുള്ള ലാഭം ചരിത്രത്തില്‍ ആദ്യമായി മൂന്നക്ക മില്യനിലെത്തി, 111.3 മില്യന്‍. എന്നാല്‍, ലാഭം റിക്കാര്‍ഡ് സൃഷ്ടിക്കുമ്പോഴും വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് അല്‍പ്പം കുറഞ്ഞു. 528.7 മില്യന്‍ യൂറോയില്‍ നിന്ന് 523.7 മില്യന്‍ യൂറോയിലേക്ക്.

ക്ളബിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ജാന്‍ ക്രിസ്റ്യാന്‍ ഡ്രീസന്‍ ബജറ്റ് അവതരിപ്പിച്ചു. സ്പാനിഷ് ക്ളബുകളെ അപേക്ഷിച്ച് കൂടുതല്‍ വരുമാനം തങ്ങള്‍ക്കാണന്ന് ഡ്രീസന്‍ അവകാശപ്പെട്ടു.

2,70,000 വരിസംഖ്യ നല്‍കുന്ന അംഗങ്ങളാണ് ക്ളബിനുള്ളത്. ഇതാണ് ക്ളബിന്റെ ഏറ്റവും വലിയ കരുത്തെന്ന് ക്ളബ് പ്രസിഡന്റ് കാള്‍ ഹോപ്നര്‍ പറഞ്ഞു.കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് ഇത് ഇരട്ടിയായെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോളിലെ യുവത്വ നിക്ഷേപം ഇനിയും വര്‍ധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനായി 70 മില്യന്‍ യൂറോ വകയിരുത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുവെങ്കിലും പുറത്തുള്ള മുന്‍ പ്രസിഡന്റ് ഉലി ഹോനസ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍