ഭീകരരെല്ലാം കുടിയേറ്റക്കാരെന്നു ഹംഗേറിയന്‍ പ്രധാനമന്ത്രി
Thursday, November 26, 2015 7:25 AM IST
ബുഡാപെസ്റ്: ഭീകരര്‍ മുഴുവവന്‍ അടിസ്ഥാനപരമായി കുടിയേറ്റക്കാര്‍തന്നെയാണെന്നു ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ അതിര്‍ത്തികള്‍ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഓര്‍ബന്‍ തന്റെ കുടിയേറ്റവിരുദ്ധ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. പാരീസ് ആക്രമണത്തിനു ശേഷമുള്ള ഒന്നാമത്തെ ദൌത്യം അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്നതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

യൂറോപ്പില്‍ ആദ്യമായി അതിര്‍ത്തികള്‍ അടച്ചിടാന്‍ നടപടികള്‍ നടപടികള്‍ സ്വീകരിച്ച രാജ്യമാണു ഹംഗറി. ഈ വര്‍ഷം ആദ്യം തന്നെ അവര്‍ അതിര്‍ത്തിയില്‍ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ഹംഗറി വഴിയുള്ള കുടിയേറ്റവും അതിനെതിരേ അവര്‍ സ്വീകരിച്ച പ്രതിരോധവുമാണ് ഇപ്പോഴത്തെ അഭയാര്‍ഥിപ്രവാഹത്തെ ലോക ശ്രദ്ധയിലേക്ക് ആദ്യമായി ആകര്‍ഷിച്ചതും.

അതേസമയം, ഷെങ്കന്‍ ഉടമ്പടിയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും, യൂറോപ്യന്‍ യൂണിയനുള്ളിലെ അതിര്‍ത്തികള്‍ തുറന്നുതന്നെ കിടക്കുമെന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാരീസ് ആക്രമണത്തിന്റെ മറവില്‍ പലരും അതിര്‍ത്തി നിയന്ത്രണത്തിനു ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍