ആശങ്കകള്‍ക്കു നടുവില്‍ മെര്‍ക്കല്‍ അധികാരത്തിന്റെ പതിറ്റാണ്ട് തികയ്ക്കുന്നു
Friday, November 20, 2015 10:23 AM IST
ബര്‍ലിന്‍: ആംഗല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലര്‍ പദവിയിലെത്തിയിട്ട് നവംബര്‍ 22നു (ഞായര്‍) പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ജനപിന്തുണയോടെ മൂന്നാമതും അധികാരത്തിലേറിയ അവര്‍ പക്ഷേ ഇപ്പോള്‍ അത്ര സുരക്ഷിതമായ രാഷ്ട്രീയ കാലാവസ്ഥയിലല്ല നിലകൊള്ളുന്നത്.

യൂറോപ്പിലേക്ക് അനിയന്ത്രിതമായ അഭയാര്‍ഥിപ്രവാഹം തുടങ്ങിയതോടെയാണ് മെര്‍ക്കലിന്റെ രാഷ്ട്രീയ ഭാഗധേയംതന്നെ മാറിമറിയാന്‍ തുടങ്ങിയത്. തുടക്കത്തില്‍ അഭയാര്‍ഥികളോട് അത്ര കരുണ കാട്ടാതിരുന്നതാണു മെര്‍ക്കലിനെ വിമര്‍ശനവിധേയയാക്കിയതെങ്കില്‍, ഇപ്പോള്‍ അഭയാര്‍ഥികളോടുള്ള അവരുടെ ഉദാരത അതിരുവിടുന്നു എന്നാണു വിമര്‍ശനം.

ജര്‍മനി സ്വീകരിച്ചിരിക്കുന്ന അഭയാര്‍ഥിനയത്തിന്റെ പേരില്‍ മെര്‍ക്കല്‍ ഇപ്പോള്‍ കൂടുതല്‍ എതിര്‍പ്പു നേരിടുന്നത് പ്രതിപക്ഷത്തുനിന്നല്ല. രാഷ്ട്രീയ ശത്രുക്കളെങ്കിലും ഭരണസഖ്യ പങ്കാളികളായ എസ്പിഡിയുമല്ല എതിര്‍പ്പിനു നേതൃത്വം നല്‍കുന്നത്. മറിച്ച്, സ്വന്തം പാര്‍ട്ടിയില്‍ത്തന്നെയാണ് അഭയാര്‍ഥി നയത്തിന്റെ പേരില്‍ മെര്‍ക്കലിനെതിരേ വിപ്ളവം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമേ, അവരുടെ ക്രിസ്റ്യന്‍ ഡെമൊക്രാറ്റിക് യൂണിയന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യല്‍ യൂണിയനും അതിന്റെ നേതാവ് ഹോഴ്സ്റ്റ് സീഹോഫറും മെര്‍ക്കലിന്റെ നയത്തെ പരസ്യമായി വെല്ലുവിളിച്ചു കഴിഞ്ഞു.

മന്ത്രിസഭയ്ക്കുള്ളില്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സ്യറാണ് മെര്‍ക്കലിന്റെ ഉദാരതയ്ക്കെതിരേ ഏറ്റവും ശക്തവും പരസ്യവുമായി നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത്തരം എതിര്‍വാദങ്ങള്‍ക്കെല്ലാം കരുത്തു പകരുന്നതായിരുന്നു പാരീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണ പരമ്പര.

ചാന്‍സലറായിരുന്ന കഴിഞ്ഞ ടേമില്‍, കടക്കെണിയിലായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചെലവുചുരുക്കല്‍ അടിച്ചേല്‍പ്പിച്ചെന്നായിരുന്നു മെര്‍ക്കലിനെതിരായ പ്രധാന ആരോപണം. അയല്‍രാജ്യങ്ങള്‍ക്ക് അവര്‍ ശത്രുവാകാന്‍ ഇതു കാരണമായെങ്കിലും രാജ്യത്തിനുള്ളില്‍ അതുവഴി ജനപ്രീതി വര്‍ധിച്ചതേയുള്ളൂ. എന്നാല്‍, നേര്‍വിപരീതമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. അഭയാര്‍ഥികളോടുള്ള ഉദാര സമീപനം രാജ്യത്തിനുള്ളില്‍ അവരുടെ ജനപ്രീതി കുറയ്ക്കുമ്പോള്‍ രാജ്യത്തിനു പുറത്ത് മെര്‍ക്കലിനു സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്നു.

ജര്‍മനിയുടെ ഉരുക്കു വനിതയുടെ ഭാവി തുലാസിലോ?

യൂറോപ്പിനെ മുഴുവന്‍ പിടിച്ചുലച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പോലും കുലുങ്ങാതെ നിന്ന ജര്‍മനിയുടെ ഉരുക്കു വനിത ആംഗല മെര്‍ക്കലിന്റെ ഭാവി അഭയാര്‍ഥി പ്രശ്നം കാരണം തുലാസിലാകുന്നു. അഭയാര്‍ഥികളുടെ കാര്യത്തില്‍ ചാന്‍ലസലര്‍ സ്വീകരിച്ച ഉദാര സമീപനം പ്രതിപക്ഷവും ഭരണ സഖ്യത്തിലുള്ളവരും മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ എതിര്‍ക്കുന്നതാണു പ്രശ്നം.

സഖ്യകക്ഷികളുമായി മൂന്നു ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കു താത്കാലിക പരിഹാരമുണ്ടാക്കാന്‍ അവര്‍ക്കു സാധിച്ചത്. അതും ശാശ്വത പരിഹാരമാകുമെന്ന് അവര്‍ പോലും വിശ്വസിക്കുന്നുമില്ല. കാരണം, യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ തീരുമാനിക്കപ്പെടേണ്ട അഭയാര്‍ഥി വിതരണം പോലുള്ള കാര്യങ്ങളിലാണ് മെര്‍ക്കല്‍ സഖ്യകക്ഷി നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കു മാത്രം മുമ്പ്, അഭയാര്‍ഥി ബാലികയോട് മടങ്ങിപ്പോകേണ്ടിവരുമെന്നു പറഞ്ഞ് അവളെ കരയിച്ച മെര്‍ക്കലിന്റെ ചിത്രം കണ്ട് വിമര്‍ശനമുന്നയിച്ച അതേ ആളുകള്‍ തന്നെ, ഇപ്പോള്‍ അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന മെര്‍ക്കലിനെ കുറ്റം പറയുന്നു എന്നതാണ് വിരോധാഭാസം.

അഭയാര്‍ഥി പെണ്‍കുട്ടിയെ കരയിച്ച സംഭവം മെര്‍ക്കലിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചു. തുടര്‍ന്നിങ്ങോട്ട് അവര്‍ സ്വീകരിച്ച ഉദാര സമീപനം തുടക്കത്തില്‍ ജര്‍മന്‍ ജനത ഹൃദയപൂര്‍വമാണ് സ്വാഗതം ചെയ്തത്. എന്നാല്‍, അഭയാര്‍ഥി പ്രവാഹം സര്‍വ നിയന്ത്രണങ്ങളും ലംഘിച്ചതോടെ ജനങ്ങളുടെ മുഖം മാറാന്‍ തുടങ്ങി. അഭിപ്രായ വോട്ടെടുപ്പുകളില്‍ മെര്‍ക്കലിന്റെ ജനപിന്തുണ ഇടിഞ്ഞ് കാലിനടയിലെ മണ്ണ് ഇളകിത്തുടങ്ങിയതായും അഭിപ്രായമുണ്ട്.

എന്നാല്‍, യാതൊന്നിനെയും പേടിയില്ലെന്നും അഭയാര്‍ഥി നയത്തില്‍ ഉറച്ചു നില്‍ക്കുമെന്ന പ്രഖ്യാപനവുമായാണ് അവര്‍ ജനങ്ങളെയും സഖ്യകക്ഷി നേതാക്കളെയും നേരിട്ടത്. അവരുടെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ബവേറിയന്‍ സഹോദര സംഘടനയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്റെ നേതാവ് ഹോര്‍സ്റ് സീഹോഫറായിരുന്നു പാളയത്തിലെ പടയുടെ നേതാവ്. തത്കാലം സീഹോഫറെപ്പോലുള്ളവരെ അടക്കി നിര്‍ത്താന്‍ മെര്‍ക്കലിനു സാധിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ വിരോധം അണ പൊട്ടുമെന്നു തന്നെയാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

പാളയത്തിലെ പടപുറപ്പാടില്‍ സ്വന്തം കക്ഷിക്കാര്‍ക്കും ഇപ്പോള്‍ സംശയം തോന്നിത്തുടങ്ങി. സിഡിയു പാര്‍ട്ടിക്ക് മെര്‍ക്കലിനെ ഒഴിച്ച് മറ്റൊരു നേതാവിനെ ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കാനാവില്ല എന്ന സ്ഥിതിയും നിലവിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍