ഡിപ്പന്‍ഡന്റ് വീസയില്‍ വരുന്നവര്‍ യുകെയിലെത്തും മുമ്പ് ഭാഷ പഠിച്ചിരിക്കണം: കോടതി
Thursday, November 19, 2015 10:25 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ജീവിത പങ്കാളികള്‍ ഡിപ്പന്‍ഡന്റ് വീസയില്‍ രാജ്യത്തെത്തും മുമ്പ് ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പഠിച്ചിരിക്കണമെന്ന് പരമോന്നത കോടതിയുടെ സുപ്രധാന വിധി.

രണ്ടു ബ്രിട്ടീഷ് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോര്‍ട്ട് പ്രസിഡന്റ് ലോര്‍ഡ് ന്യൂബെര്‍ഗറുടെ അധ്യക്ഷതയിലുള്ള പാനലിന്റെ തീര്‍പ്പ്. ഈ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഇംഗ്ളീഷ് അറിയാത്തതിനാല്‍ അവര്‍ക്ക് വീസ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരേ അവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് പുതിയ വിധി പ്രസ്താവിച്ചത്.

ഇത്തരത്തില്‍ ജീവിത പങ്കാളികളുടെ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നത് യുക്തിസഹമല്ലെന്നും അന്യായമാണെന്നുമുള്ള ഹര്‍ജിയിലെ വാദവും കോടതി അംഗീകരിച്ചില്ല. യൂറോപ്യന്‍ മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ സ്വകാര്യ ജീവിതത്തിനും കുടുംബ ജീവിതത്തിനുമുള്ള അവകാശമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍