ജര്‍മനിയില്‍ 'ഹെയ്നി' കാറ്റും മഴയും വിതച്ചു
Wednesday, November 18, 2015 1:48 PM IST
ബര്‍ലിന്‍: ഹെയ്നി ന്യൂനമര്‍ദം ജര്‍മനിയില്‍ പേമാരിയും കൊടുങ്കാറ്റും സൃഷ്ടിച്ചു. അറ്റ്ലാന്റിക്കില്‍ രൂപമെടുത്ത ഹെയ്ന സ്കോട്ട്ലാന്‍ഡിനും സ്കാന്‍ഡിനേവിയയ്ക്കും മുകളിലൂടെ സഞ്ചരിച്ചാണ് ഒടുവില്‍ ജര്‍മനിയുടെ വടക്കുകിഴക്കന്‍ തീരങ്ങളിലെത്തിയത്.

രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലും കുന്നുകളിലുമായിരിക്കും കാറ്റിന് ഏറ്റവും കൂടുതല്‍ കരുത്ത് എന്നാണു കണക്കാക്കുന്നത്.

ഹെയ്നി വീശിയും പെയ്തും കടന്നു പോയാല്‍ അടുത്തത് ഇവാന്റെ വരവായി. ഈ മര്‍ദ വ്യതിയാനം കാരണം വാരാന്ത്യത്തോടെ രാജ്യത്തെ താപനില കുത്തനെ കുറയുകയും മഞ്ഞുവീഴ്ച വരെ സംഭവിക്കുകയും ചെയ്യാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍