ഫുട്ബോളില്‍ ജര്‍മനിയുടെ കറുത്ത രാത്രി
Wednesday, November 18, 2015 1:46 PM IST
ഹാനോവര്‍: ജര്‍മനിയും ഹോളണ്ടും തമ്മില്‍ നിശ്ചയിച്ചിരുന്ന അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍ മത്സരം റദ്ദാക്കാന്‍ ഇടയായ ബോംബ് ഭീഷണി ഫുട്ബോളിലെ ജര്‍മനിയുടെ കറുത്ത രാത്രിയെന്നു ഡിഎഫ്ബി.

റദ്ദാക്കിയ സംഭവത്തെ ജര്‍മന്‍ ഫുട്ബോളിന്റെ കറുത്തരാത്രിയെന്നു ജര്‍മന്‍ ഫുട്ബോള്‍ ലീഗ് പ്രസിഡന്റ് റൈന്‍ഹാര്‍ഡ് റൌബാള്‍ വിശേഷിപ്പിച്ചു.

സംഭവത്തില്‍ അന്വേഷണം ധൃതഗതിയില്‍ ഊര്‍ജിതമായി തുടരുമ്പോഴും ഭീഷണി വ്യാജമായിരുന്നു എന്ന് ഉള്‍ക്കൊള്ളാനും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍, മത്സരവേദിയായിരുന്ന ഹാനോവറില്‍ നിന്നും അക്രമികളെയോ സ്ഫോടകവസ്തുക്കളോ ഒന്നും ഇനിയും കണ്ടെത്താനായിട്ടില്ല. പക്ഷേ, സ്ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് സ്റേഡിയത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്നു എന്ന നേരത്തേയുള്ള റിപ്പോര്‍ട്ട് പോലീസ് തള്ളി.

സുരക്ഷാഭീഷണി സംബന്ധിച്ച് നിരവധി സൂചനകള്‍ ലഭിച്ചിരുന്നതായി ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍. ജര്‍മനിയും യൂറോപ്പും നേരിടുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റേഡിയത്തിനുള്ളില്‍ ബോംബ് കടത്താന്‍ ശ്രമം നടന്നതായും മന്ത്രി പറഞ്ഞു.

ജര്‍മനിയിലെ ഹാനോവറില്‍ ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലിനു തുടങ്ങേണ്ടിയിരുന്ന ജര്‍മനിയും ഹോളണ്ടും തമ്മിലുള്ള സൌഹൃദ ഫുട്ബോള്‍ മല്‍സരം ബോംബ് കണ്ടെത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണു റദ്ദാക്കിയത്. മല്‍സരം തുടങ്ങുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണു മല്‍സരം റദ്ദാക്കിയതായി പോലീസ് ചീഫ് വോള്‍ക്കര്‍ ക്ളുവെ അറിയിച്ചത്. എച്ച്ഡിഇ അറീന സ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ആംബുലന്‍സില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് പോലീസിനെ കുഴക്കിയതും മല്‍സരത്തെ ബാധിച്ചതും. സ്റേഡിയത്തിനു ബോംബ് ഭീഷണി ഉണ്ടായെന്നറിഞ്ഞയുടനെ സായുധ പോലീസ് സര്‍വസന്നാഹവുമായി സ്റേഡിയം വളഞ്ഞു.

ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, മന്ത്രിസഭാംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മല്‍സരം കാണാന്‍ എത്താനിരുന്നതാണ്. സ്റേഡിയത്തില്‍ ആളുകളെ കയറ്റിയിരുന്നെങ്കിലും പരിഭ്രാന്തി ഉളവാക്കാതെ ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചു.

മല്‍സരം കാണാന്‍ കാത്തിരുന്ന ലക്ഷക്കണക്കിനു ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം ചാന്‍സലര്‍ ആംഗലാ മെര്‍ക്കലും ദുഃഖിതയായി. ഒരു പക്ഷെ ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭീഷണിയെത്തുടര്‍ന്നു ഫുട്ബോള്‍ മത്സരം റദ്ദാക്കുന്നത്.

ജര്‍മനിയും ഹോളണ്ടും തമ്മിലുള്ള അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍ മത്സരം ഫ്രാന്‍സിനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായിരിക്കുമെന്നാണു ജര്‍മന്‍ കോച്ച് ജോവാഹിം ലോ പറഞ്ഞത്.

നേരത്തെ നിശ്ചയിച്ച മത്സരം പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മത്സരവുമായി മുന്നോട്ടു പോകാനായിരുന്നു ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍