സ്വിസ് മാധ്യമങ്ങളില്‍ തരംഗമായി മലയാളി യുവ പ്രതിഭകള്‍
Wednesday, November 18, 2015 7:36 AM IST
സൂറിച്ച്: പോയ വാരത്തില്‍ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ സ്വിസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. സ്വിസ് മാധ്യമങ്ങളില്‍ തരംഗമായി മാറിയ ഈ യുവാക്കളില്‍ ഒരാള്‍ മൊബൈല്‍ കാമറയില്‍ സിനിമ നിര്‍മിച്ച് വെള്ളിത്തിരയില്‍ വിപ്ളവത്തിനു നാന്ദികുറിക്കുന്ന സ്വിസ് മലയാളി സാന്ദീപ് അബ്രഹാമും, മറ്റെയാള്‍ ഹോളിവുഡ് ആക്ഷന്‍, റൊമാന്റിക് ത്രില്ലര്‍ സജനായുടെ സംവിധായകന്‍ സ്വിസ് മലയാളി ബോണി കുരുവിളയുമാണ്.

ചലിക്കുന്ന കാമറയും ട്രോളിയുമൊക്കെയായി സിനിമ കാമറയില്‍ പകര്‍ത്താന്‍ സിനിമാ സംവിധായകര്‍ നെട്ടോട്ടമോടുന്ന കാലഘട്ടത്തിന് വിട. മൊബൈല്‍ ഫോണിലും ടാബ്ലറ്റിലും ചലച്ചിത്രം നിര്‍മിക്കാമെന്ന, ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി സാന്ദീപ് അബ്രഹാം എന്ന സിവ്സ് മലയാളി രംഗത്ത്.

ബാസലിലെ യുവ സിനിമാ നിര്‍മ്മാതാവായ സാന്ദീപ് സാധാരണ കൊമേഴ്സല്‍ കാമറയിലാണ് സിനിമകള്‍ നിര്‍മിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സിനിമാ രംഗത്ത് വിപ്ളവത്തിനു നാന്ദികുറിക്കാനുതകുന്ന കണ്ടുപിടുത്തവുമായാണു ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

റെക്കോര്‍ഡിംഗിനു മാത്രമല്ല ശബ്ദം, വെളിച്ചം എന്നിവയെല്ലാം എങ്ങനെ ആധുനിക സൌകര്യങ്ങളുടെ സഹായത്തോടെ അഭ്രപാളിയിലാക്കാം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഈ യുവനിര്‍മ്മാതാവ്. വരും ദിവസങ്ങളില്‍ വന്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുവാന്‍ പദ്ധതിയിടുന്ന, എന്‍ജിനിയറിംഗില്‍ മാസ്റര്‍ ബിരുദധാരിയായ (മീഡിയ ഫിലിം) സന്ദീപ് അബ്രഹാം ചങ്ങനാശേരി തെങ്ങില്‍ കുടുംബാംഗമായ ഷാജി അബ്രാഹാമിന്റെയും ലിസിയുടെയും (വിച്ചാട്ട്, രാമപുരം) മകനാണ്.

ബോണി കുരുവിള സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍ സജനാ ഒരു വ്യത്യസ്ത ചിത്രമാണ്. ലോകത്തിലെ വ്യത്യസ്ത സംസ്കാരങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തെ വരച്ചുകാട്ടുന്ന സജ്നായില്‍ വത്യസ്ഥ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 15 കഥാപാത്രങ്ങളെ ബോണി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നു.

സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ മങ്കൊമ്പ് നാല്‍പ്പതാംകളത്തില്‍ മാത്യു കുരുവിളയുടെയും മേഴ്സി (മാള, ചിറക്കല്‍, മണവാളന്‍)യുടെയും മകനാണു ബോണി കുരുവിള. നാലുവര്‍ഷത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം പൂര്‍ത്തിയാക്കിയ ബോണി സിനിമാ നിര്‍മ്മാണരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്നതോടൊപ്പം മെക്കാനിക്കല്‍ ഡിസൈനിംഗും ചെയ്തുവരുന്നു. വിസി ലാബ് എയര്‍പോര്‍ട്ട് സൂറിച്ചിലെ ഓപ്ടിക്കല്‍ ടെക്നോളജി വിദ്യാര്‍ഥിനി ബോണിറ്റ ഏക സഹോദരിയാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍