യുകെയിലെ കുടിയേറ്റ നിയമ ഭേദഗതി 19നു പ്രാബല്യത്തില്‍
Tuesday, November 17, 2015 10:19 AM IST
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 29നു കുടിയേറ്റ നിയമത്തില്‍ പ്രഖ്യാപിച്ച ഭേദഗതികളില്‍ ഭൂരിപക്ഷവും ഈ മാസം പത്തൊമ്പതിനു പ്രാബല്യത്തില്‍ വരും. യുകെയിലേക്കുള്ള ഏകദേശം എല്ലാ ഇമിഗ്രേഷന്‍ റൂട്ടുകളെയും ബാധിക്കുന്നതാണ് ഭേദഗതികള്‍.

അഭയാര്‍ഥിത്വ നയത്തിലും മാറ്റങ്ങളുണ്ട്. ഇതു പ്രകാരം, അസാധാരണ സാഹചര്യങ്ങളില്‍ അല്ലാതെ ഏതു യൂറോപ്യന്‍ യൂണിയന്‍ പൌരന്റെയും അഭയാര്‍ഥിത്വ അപേക്ഷ നിരാകരിക്കപ്പെടും. നിരാകരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുകയുമില്ല.

ഫാമിലി ഇമിഗ്രേഷന്‍ റൂട്ടു വഴി കുട്ടികളെ യുകെയിലെത്തിക്കാനുള്ള മാര്‍ഗം സങ്കീര്‍ണമാക്കുന്നതാണ് മറ്റൊന്ന്. സ്പോണ്‍സറോ സ്പോണ്‍സറുടെ പങ്കാളിയോ കാരണം കുട്ടിക്ക് അപകടമുണ്ടാകുമെന്നു ബോധ്യമായാല്‍ കുട്ടികളെ കൊണ്ടുവരുന്നതു തടയാനാണ് പുതിയ വ്യവസ്ഥ.

യുകെയില്‍ അനിശ്ചിതകാലത്തേയ്ക്കു തങ്ങാനുള്ള വീസക്ക് അപേക്ഷിക്കുന്നവര്‍ ഇനി ഇംഗ്ളീഷ് പരിജ്ഞാനം കര്‍ശനമായി തെളിയിക്കേണ്ടി വരും. ഇതിനായി സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ ഭാഷാ പരീക്ഷ പാസാകണം. 35,000 പൌണ്ട് ശമ്പളവും നിര്‍ബന്ധം. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റിലുള്ള ചില ജോലികള്‍ക്കും ചില പിഎച്ച്ഡി ലെവല്‍ ജോലികള്‍ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവു ലഭിക്കുക.

ടയര്‍ 1 എക്സപ്ഷണല്‍ ടാലന്റ്, ടയര്‍ 1 ഓണ്‍ട്ര പ്രണര്‍, ടയര്‍ 1 ഇന്‍വെസ്റ്മെന്റ് വീസ ചട്ടങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍