പാരീസ് ഭീകരാക്രമണം: ഡബ്ള്യുഎംസി സ്വിസ് പ്രൊവിന്‍സ് അപലപിച്ചു
Monday, November 16, 2015 8:25 AM IST
സൂറിച്ച്: ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി ഭീകരര്‍ നടത്തിയ അതിക്രൂരവും കിരാതവുമായ ആക്രമണ പരമ്പരയെ വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് അപലപിക്കുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

പ്രൊവിന്‍സ് പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ അസാധാരണ കമ്മിറ്റിയില്‍ സെക്രട്ടറി ജോഷി താഴത്തുകുന്നേല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മതത്തിന്റെ പേരില്‍ അന്ധത ബാധിച്ച ഭീകരരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.

സ്വിറ്റ്സര്‍ലന്റിന്റെ അയല്‍ രാജ്യമായ ഫ്രാന്‍സിലെ ജനതയോട് യോഗം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും മരിച്ചവരോടുള്ള ആദര സൂചകമായി മൌന പ്രാര്‍ഥന നടത്തുകയും ചെയ്തു. ദുഖാര്‍ഥരായ ഉറ്റവരുടെ ദുഖത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ പങ്കു ചേരുന്നതായി ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേലും ട്രഷറര്‍ ബാബു കാശാംകാട്ടിലും അറിയിച്ചു. ഗ്ളോബല്‍ കമ്മിറ്റിക്കു വേണ്ടി ജോബിന്‍സന്‍ കൊറ്റത്തില്‍ അനുശോചന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍