ഫ്രാന്‍സിലെ ഭീകരാക്രമണം; ലോക നേതാക്കള്‍ അപലപിച്ചു
Sunday, November 15, 2015 6:41 AM IST
പാരീസ്: ഭീകരാക്രമണത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം നടത്തിയവരില്‍ ചിലരെ പിടികൂടിയിട്ടുണ്ട്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്. രാജ്യത്തു മുഴുവന്‍ ഇതു ബാധകമായി. മുന്‍കരുതല്‍ എന്ന നിലയില്‍ പാരീസിന്റെ സംരക്ഷണം സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്.

വിവിധ ലോക നേതാക്കള്‍ പാരീസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. നിഷ്കളങ്കരായ ജനങ്ങളെ ഭീതിയിലാഴ്ത്താനുള്ള ശ്രമമാണ് ഈ ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സാധ്യമായ എന്തു സഹായവും ആ രാജ്യത്തിനു നല്‍കുമെന്നും ഒബാമ.

ആക്രമണം തന്നെ ഞെട്ടിച്ചെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഫ്രാന്‍സിനെ സഹതാപവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായും ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്നും അവരുടെ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ഓസ്ട്രിയന്‍ വിദേശമന്ത്രി സെബാസ്റ്യന്‍ കുര്‍സ്, സ്വീഡിഷ് വിദേശമന്ത്രി മാര്‍ഗറ്റ് വാള്‍സ്റ്റോം, യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്ക്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ളോദ് ജുങ്കര്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് എന്നിവരും ആക്രമണത്തെ അപലപിച്ചു.

ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ഫുട്ബോള്‍ മത്സരം നടന്ന സ്റേഡിയത്തിലെ സ്ഫോടനത്തിലും മൂന്നു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവിടെ ചാവേര്‍ ആക്രമണമായിരുന്നു എന്നാണ് കരുതുന്നത്.

വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങള്‍ക്കിടെ അല്ലാഹു അക്ബര്‍ വിളികള്‍ ഉയര്‍ന്നിരുന്നു എന്ന് ദൃക്സാക്ഷികള്‍. ഇത് സിറിയയ്ക്കു വേണ്ടി എന്നും ഭീകരര്‍ ആര്‍ത്തുവിളിച്ചിരുന്നത്രെ. തിയേറ്ററില്‍ ആളുകളെ ബന്ദിക്കളാക്കിയ ഭീകരരില്‍ മൂന്നു പേരെ പോലീസ് വധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍