ജര്‍മനിക്കും ഇംഗ്ളണ്ടിനും തോല്‍വി, ഫ്രാന്‍സിനും സ്പെയിനും ജയം
Sunday, November 15, 2015 6:32 AM IST
പാരീസ്: സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സ് 2014 ലെ ലോകചാമ്പ്യന്മാരായ ജര്‍മനിയെ ഏകപക്ഷീയമായ രണ്ടു ഗോളിനു മുട്ടുകുത്തിച്ചു.

പാരീസില്‍ ജര്‍മനി - ഫ്രാന്‍സ് മത്സരം നടക്കുന്നതിനിടെയാണ് സ്റേഡിയത്തിനു പുറത്ത് സ്ഫോടനമുണ്ടായത്. മത്സരത്തിനിടെ സ്ഫോടന ശബ്ദം വ്യക്തമായി കേട്ടിരുന്നു. ജര്‍മന്‍ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിനും നേരത്തെ ബോംബ് ഭീഷണിയുണ്ടായിരുന്നു.

ജര്‍മന്‍ ടീമില്‍ ഉടച്ചുവാര്‍ക്കല്‍ നടത്തിയാണു ഫ്രാന്‍സിനെതിരേ കളിക്കാന്‍ ഇറക്കിയത്. ഇത് ശരിയായില്ലന്നു മല്‍സരം കഴിഞ്ഞപ്പോള്‍ ജര്‍മന്‍ കോച്ച് അഭിപ്രായപ്പെടുകയും ചെയ്തു. മെസ്യൂട്ട് ഒസിലും ടോണി ക്രൂസും മാര്‍ക്കോ റൊയസും ആന്ത്രെ ഷുര്‍ലെയും ഇല്‍ക്കെ ഗുണ്ടോഗാനും ഒന്നും ഇല്ലാതെയാണ് മല്‍സരം തുടങ്ങിയതും അവസാനിച്ചതും.

അന്റോണിയോ റുഡിഗര്‍, ഷ്വെന്‍സ്റൈഗര്‍, ഖേദിര, ജൂലിയാന്‍ ഡ്രാക്സ്റര്‍, മാരിയോ ഗോമസ് എന്നിവര്‍ ടീമില്‍ അണിനിരന്നെങ്കിെലും അവസരത്തിനൊത്തോ ഗുഡ് സ്പിരിറ്റിലോ കളിക്കാന്‍ കഴിയാതെ പോയതാണ് ജര്‍മനിക്ക് അടിപതറിയത്.

ആദ്യപകുതിയല്‍ ലോകചാമ്പ്യന്‍മാര്‍ മുന്നേറാന്‍ ശ്രമിച്ചെങ്കിലും ഒന്നും സംഭവിക്കാതെ പോയി. 34-ാം മിനിറ്റില്‍ മുള്ളര്‍ക്ക് കിട്ടിയ സുവര്‍ണാവസരം ലക്ഷ്യം തെറ്റിയതുതന്നെ ഇതിനുദാഹരണമാണ്. ഡാക്സ്ററില്‍ നിന്നു ലഭിച്ച ബോള്‍ ഹെഡറായി മുള്ളര്‍ക്ക് നല്‍കിയെങ്കിലും ഓട്ടത്തിനിടയില്‍ അടിച്ച ഷോട്ട് ബാറില്‍ തട്ടി പുറത്തേയ്ക്കു പോയി. 43-ാം മിനിറ്റിലും മുള്ളര്‍ക്കു വീണ്ടും ലക്ഷ്യം തെറ്റി.

രണ്ടാം പകുതിയില്‍ ജര്‍മനിക്കുവേണ്ടി ബോട്ടെംഗും സ്കോഡ്രാന്‍ മുസ്താഫിയും കിണഞ്ഞു ശ്രമിച്ചെങ്കിലും ജര്‍മനിക്കു മേല്‍ക്കൈ നേടാനായില്ല.

ഫ്രാന്‍സിനായി ഒലിവര്‍ ജിറൌഡും സബ്സ്റിറ്റ്യൂട്ടായിറങ്ങിയ ആന്ദ്രെ പിയറിയുമാണു സ്കോര്‍ ചെയ്തത്. ജര്‍മനിക്കായി തോമസ് മുള്ളര്‍ ഉജ്ജ്വല പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്പെയിന്‍ ഇംഗ്ളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി.

മറ്റൊരു മത്സരത്തില്‍, പതിനാറു കളിയില്‍ ആദ്യ പരാജയമാണ് ഇംഗ്ളണ്ട് വഴങ്ങിയത്. 72 മിനിറ്റു വരെ ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ സ്പെയ്നു വേണ്ടി മരിയോ ഗോസ്പറും സാന്റി കസോര്‍ളയും ഗോളുകള്‍ നേടി.

ജര്‍മന്‍ ടീം രാത്രി കഴിച്ചുകൂട്ടിയത് സ്റേഡിയത്തില്‍

ആക്രമണത്തിനുശേഷം ജര്‍മന്‍ ടീം രാത്രി കഴിച്ചുകൂട്ടിയത് ഫ്രാന്‍സിലെ സ്റാഡെ ഡി ഫ്രന്‍സ് സ്റേഡിയത്തിലാണ്. രാത്രിയില്‍ ഹോട്ടലില്േക്കുള്ള യാത്ര അപകടകരമാവുമെന്ന റിപ്പോര്‍ട്ടാണു ടീമിനെ സ്റേഡിയത്തില്‍ തങ്ങാന്‍ നിര്‍ബന്ധമാക്കിയത്. സ്റേഡിയത്തിലെ ഡ്രസിംഗ് റൂമിലാണ് ഇവര്‍ കഴിച്ചുകൂട്ടിയതെന്നുടീം മനേജര്‍ ഒലിവര്‍ ബിയര്‍ഹോഫ് പറഞ്ഞു. തങ്ങള്‍ക്ക് യാതൊരുവിധ ഭയമോ അങ്കലാപ്പോ ഉണ്ടായിരുന്നില്ല. പക്ഷേ നൂറിലധികം നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞതിലുള്ള ദുഃഖം ഞങ്ങളെ അലട്ടിയിരുന്നു. ഒരു പക്ഷെ 80,000 കാണികള്‍ ഉണ്ടായിരുന്ന സ്റേഡിയത്തിനകത്താണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍.. എത്ര ഭയാനകമായിരുന്ന, വലിയൊരു ദുരന്തമാണ് വിട്ടകന്നത്, ബിയര്‍ഹോഫ് പറഞ്ഞു. മല്‍സരത്തിനിടയില്‍ സ്റേഡിയത്തിനു പുറത്ത് വലിയ മൂന്നു സ്ഫോടനങ്ങള്‍ ഞങ്ങള്‍ കേട്ടിരുന്നു. കളിക്കാരും കാണികളും ഒക്കെ പരിഭ്രാന്തരായി എന്നും ബിയര്‍ഹോഫ് കൂട്ടിച്ചേര്‍ത്തു.

പാരീസിലെ സ്പോര്‍ട്സ് മാച്ചുകള്‍ മാറ്റിവച്ചു

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാരീസില്‍ നടത്താനിരുന്ന എല്ലാ സ്പോര്‍ട്സ് മല്‍സരങ്ങളും മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ യുവേഫ യുമായി ബന്ധപ്പെട്ട മല്‍സരങ്ങള്‍ അറിയിച്ചിരുന്നതുപേലെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണയില്‍ നിന്ന് വിപരീതമായി കളിക്കാര്‍ കൈത്തണ്ടയില്‍ കറുത്ത ബാഡ്ജും കറുത്ത ജേഴ്സിയുമായിരിക്കും ധരിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍