യൂറോപ്പിനുള്ളില്‍ അതിര്‍ത്തികള്‍ അടയുന്നു; ഷെങ്കന്‍ കരാര്‍ ഉലയുന്നു
Friday, November 13, 2015 10:16 AM IST
ബ്രസല്‍സ്: അതിരുകളില്ലാത്ത യൂറോപ്പ് എന്ന യാഥാര്‍ഥ്യം വീണ്ടും സങ്കല്‍പ്പത്തിലേക്കു പിന്‍വാങ്ങുന്നു. അഭയാര്‍ഥിപ്രവാഹം നിയന്ത്രണാതീതമായ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി നിയന്ത്രണം പുനഃസ്ഥാപിച്ചതോടെയാണു ഷെങ്കന്‍ മേഖലയിലെ സ്വതന്ത്ര സഞ്ചാരത്തിനു വിഘാതമായിരിക്കുന്നത്.

ഷെങ്കന്‍ ഉടമ്പടി പ്രകാരം ഒരു മാസം വരെയാണ് അടിയന്തര സാഹചര്യങ്ങളില്‍ അതിര്‍ത്തി നിയന്ത്രണത്തിന് അനുമതിയുള്ളത്. പത്തു ദിവസം മുതല്‍ ഒരു മാസം വരെ വിവിധ രാജ്യങ്ങള്‍ നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു.

ഈ നിയന്ത്രണം സ്ഥിരമാകാതിരിക്കണമെങ്കില്‍ ഉടനടി ഗൌരവമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് അഭിപ്രായപ്പെടുന്നത്. അഭയാര്‍ഥിപ്രവാഹം കാരണം യൂറോപ്പിന്റെ ഐക്യം തകരരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങള്‍ ഷെങ്കന്‍ ഉടമ്പടിക്കെതിരേ നേരത്തേതന്നെ ശക്തമായ നിലപാട് സ്വീകരിച്ചുവന്നവരാണ്. വരും നാളുകളില്‍ ഈ നിലപാട് കൂടുതല്‍ ശക്തമാകുകയും കൂടുതല്‍ പിന്തുണയാര്‍ജിക്കുകയും ചെയ്യുമെന്നുറപ്പ്. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍