മലിനീകരണ തട്ടിപ്പ് നടത്തുന്നത് ഫോക്സ്വാഗന്‍ മാത്രമല്ല
Thursday, November 12, 2015 10:19 AM IST
ബര്‍ലിന്‍: മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയര്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തുന്നത് ഫോക്സ്വാഗന്‍ മാത്രമല്ലെന്ന് ജര്‍മന്‍ അധികൃതരുടെ പരിശോധനയില്‍ വ്യക്തമായി. നൈട്രജന്‍ ഓക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് ലാബ് സാഹചര്യങ്ങളില്‍ പരിധിക്കു താഴെ നില്‍ക്കുന്ന വാഹനങ്ങളില്‍ പോലും യഥാര്‍ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ പരിധിക്കു മുകളിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഫോക്സ്വാഗന്‍ കാറുകളില്‍ ഇത്തരത്തില്‍ തട്ടിപ്പു നടക്കുന്നതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികളുടെ വാഹനങ്ങള്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തി ഫലം സ്ഥിരീകരിക്കാതെ കമ്പനികളുടെ പേരുകള്‍ പുറത്തുവിടുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യില്ലെന്നു ഫെഡറല്‍ ഓഫീസ് ഓഫ് മോട്ടോര്‍ വെഹിക്കിള്‍സ് അറിയിച്ചു.

ബിഎംഡബ്ള്യു, ഫോര്‍ഡ്, മെഴ്സിഡസ്-ബെന്‍സ്, ആല്‍ഫ റോമിയ, ഡാസിയ, ഹുണ്ടായ്, മസ്ദ എന്നിവയുടെ അമ്പതോളം വ്യത്യസ്ത മോഡലുകള്‍ പരിശോധനയ്ക്കു വിധേയമായിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍