അഭയാര്‍ഥി പ്രശ്നം: ജര്‍മന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിന് യൂറോപ്പില്‍ പിന്തുണ ഏറുന്നു
Tuesday, November 10, 2015 12:08 PM IST
ബര്‍ലിന്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സ്യര്‍ മുന്നോട്ടു വെച്ച വിവാദ നിര്‍ദേശത്തിന് യൂറോപ്യന്‍ യൂണിയനില്‍ പിന്തുണ ഏറുന്നു. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം സിറിയക്കാര്‍ക്കു മുഴുവവന്‍ നിര്‍ബാധം അഭയം നല്‍കുന്ന നയമാണ് ജര്‍മനി ഇപ്പോള്‍ പിന്തുടരുന്നത്. എന്നാല്‍, ഇതിനു പകരം, ഒരു വര്‍ഷം രാജ്യത്തു തങ്ങിയ ശേഷം അര്‍ഹരായവര്‍ക്കു മാത്രം അഭയം നല്‍കുക എന്നതാണ് മെയ്സ്യറുടെ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇതിനു പുറമെ, ഒരു സിറിയക്കാരന് അഭയം ലഭിച്ചാല്‍, കുടുംബ പുന:സമാഗമം എന്ന പേരില്‍ ബന്ധുക്കളെക്കൂടി കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മെയ്സ്യര്‍ ആവശ്യപ്പെടുന്നു. ജര്‍മന്‍ ഭരണസഖ്യത്തില്‍ പങ്കാളികളായ എസ്പിഡി ഈ നിര്‍ദേശങ്ങളോട് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍, ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടി സി എസ് യു ഇതിനെ ഇപ്പോള്‍ ശക്തമായി പിന്തുണയ്ക്കുന്നു. അഭയാര്‍ഥി പ്രവാഹം കര്‍ക്കശമായി നിയന്ത്രിക്കണമെന്നു വാദിക്കുന്ന വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഈ നിലപാടിനെ പിന്താങ്ങുന്നു. അതേസമയം, നിലവിലുള്ള അഭയാര്‍ഥി നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന നിലപാടില്‍ മെര്‍ക്കല്‍ ഉറച്ചു നില്‍ക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍