അഭയാര്‍ഥികളുടെ നാടുകടത്തല്‍ ജര്‍മനി വേഗത്തിലാക്കുന്നു
Tuesday, November 10, 2015 7:42 AM IST
ബര്‍ലിന്‍: അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ ജര്‍മനി വേഗത്തിലാക്കും. ഭരണസഖ്യത്തിലെ ഘടകകക്ഷി നേതാക്കളുമായി ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു തീരുമാനം.

സിറിയ അടക്കം യുദ്ധകലുഷിതമായ മേഖലകളില്‍നിന്നുള്ള അഭയാര്‍ഥികളെ തുടര്‍ന്നും സ്വാഗതം ചെയ്യും. എന്നാല്‍, സാമ്പത്തിക കുടിയേറ്റം ലക്ഷ്യമിടുന്നവരെ തടയും. ബാള്‍ക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരിലേറെയും. ഇത്തരം രാജ്യങ്ങളെ സുരക്ഷിത മേഖലകളായി കണക്കാക്കി, ഇവരെ അപേക്ഷ നിരസിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്ക്കാനാണു തീരുമാനം.

അഭയാര്‍ഥികള്‍ക്കായി പുതിയ എഡി സമ്പ്രദായവും കേന്ദ്രീകൃത ഡേറ്റാബേസും ഏര്‍പ്പെടുത്താനും തീരുമാനമായി. സുപ്രധാന നടപടികളാണ് ഈ വിഷയത്തില്‍ സ്വീകരിച്ചുവരുന്നതെന്ന് മെര്‍ക്കലും വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലും സിഎസ്യു നേതാവ് ഹോഴ്സ്റ്റ് സീഹോഫറും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് സ്വീകരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണു മറ്റൊരു തീരുമാനം. അഭയാര്‍ഥിത്വ അപേക്ഷ അംഗീകരിക്കപ്പെടാന്‍ സാധ്യത ഏറ്റവും കുറഞ്ഞവരെ മാത്രം ഉദ്ദേശിച്ചാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍