വിയന്ന സെന്റ് മേരീസ് മലങ്കര യാക്കോബായ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓര്‍മപ്പെരുന്നാള്‍
Saturday, November 7, 2015 11:18 AM IST
വിയന്ന: യൂറോപ്പില്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ ദേവാലയമായ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയ പ്രവേശനപ്പെരുന്നാളും വചനിപ്പു പെരുന്നാളും സംയുക്തമായി നവംബര്‍ 21, 22 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

15നു (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു കൊടിയേറും. 21 നു (ശനി) വൈകുന്നേരം 5.30 നു സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്നു ഭക്തിനിര്‍ഭരമായ പെരുന്നാള്‍ പ്രദക്ഷിണവും വിവിധ അത്മീയ പ്രസ്ഥാനങ്ങളുടെ വാര്‍ഷികവും നടക്കും.

22നു (ഞായര്‍) രാവിലെ 9.15നു പ്രഭാതപ്രാര്‍ഥന, 10നു വിശുദ്ധ കുര്‍ബാന, 11 നു ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ഥന, സമാപന ആശീര്‍വാദം, നേര്‍ച്ചഭക്ഷണം എന്നിവ നടക്കും.

പെരുന്നാളില്‍ സംബന്ധിച്ച് മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിയന്നയിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍