ശിക്ഷ പകുതിയാക്കാന്‍ ഹോനെസ് അപേക്ഷ നല്‍കി
Wednesday, November 4, 2015 8:50 AM IST
ബര്‍ലിന്‍: നികുതി വെട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് ക്ളബ് മുന്‍മേധാവിയുമായ യൂലി ഹോനെസ് ശിക്ഷാ കാലാവധി പകുതിയാക്കാന്‍ അപേക്ഷ നല്‍കി. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ അദ്ദേഹം അടുത്ത മാര്‍ച്ചില്‍ ജയില്‍ മോചിതനാകുമെന്നു നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

63 കാരനായ ഹോനസിസ് മൂന്നര വര്‍ഷമാണ് തടവു വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ ജയിലിലാണ്. ആദ്യമായി ശിക്ഷ അനുഭവിക്കുന്നവര്‍ക്ക്, തടവ് ഇളവ് ചെയ്യാനും ബാക്കി സമയം പ്രൊബേഷനില്‍ പുറത്തു കഴിയാനും ജര്‍മനിയിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

നികുതി വെട്ടിച്ച് മില്യന്‍ കണക്കിനു യൂറോ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. പക്ഷേ ഇതില്‍ 28.4 മില്യന്‍ യൂറോയുടെ നികുതി പരോക്ഷമായി വെട്ടിച്ചുവെന്ന കണ്ടെത്തലിലാണു ശിക്ഷിക്കപ്പെട്ടത്. ആദ്യ വിചാരണയില്‍ 3.5 മില്യന്‍ വെട്ടിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചുവെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ 27.2 മില്യന്‍ കൂടാതെ 1.2 മില്യന്‍ യൂറോയുംകൂടി കണ്ടെത്തുകയായിരുന്നു (മൊത്തം 28.4 മില്യന്‍). ഹോനെസിനു വേണ്ടി വാദിക്കാന്‍ ഹാന്‍സ് ഫൈഗന്‍ കോടതിയില്‍ ഹാജരായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ഹോനെസ് ഈ കേസില്‍ അറസ്റ്റിലായത്. എന്നാല്‍ വൈകാതെ ജാമ്യത്തിലിറങ്ങിയെങ്കിലും ജര്‍മന്‍ രാഷ്ട്രീയ-കായിക മേഖലകളെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ആദ്യത്തെ അന്വേഷണത്തില്‍ വെട്ടിപ്പു കണ്ടെത്തിയിരുന്നെങ്കിലും ക്ഷമാപണം നടത്തി തടിയൂരിയിരുന്നു ഇദ്ദേഹം.

നികുതി ഇനത്തില്‍ മൂന്നര ബില്യന്‍ യൂറോ വെട്ടിച്ചതായി ആദ്യത്തെ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, താരങ്ങളുടെയും ക്ളബ് ആരാധകരുടെയും അഡിഡാസിനെയും ഔഡിയെയും ഫോക്സ് വാഗനെയും ഡോയ്ഷെ ടെലികോമിനെയും പോലുള്ള സ്പോണ്‍സര്‍മാരുടെയും പിന്തുണയോടെ ക്ളബ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ശ്രമിച്ചെങ്കിലും രാജിവച്ച് ഒഴിയേണ്ടി വന്നു.

ഒരു മില്യന്‍ യൂറോയ്ക്കു മുകളില്‍ വരുന്ന നികുതി വെട്ടിപ്പു കേസുകളില്‍ തടവു ശിക്ഷയാണ് ജര്‍മനിയില്‍ നല്‍കാറുള്ളത്.

മുമ്പ് ബയേണ്‍ മ്യൂണിക്ക് ക്ളബില്‍ കളിക്കാരനായിരുന്നു ഹോനെസ്. 1972 ലെ യൂറോപ്യന്‍ കപ്പിലും പിന്നീട് 1974ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ അഭിവാജ്യ ഘടകവുമായിരുന്നു ഇദ്ദേഹം. പിന്നീട് ബയേണിന്റെ മാനേജരും പ്രസിഡന്റുമായി. നാല്‍പ്പതു വര്‍ഷമായി ക്ളബിന്റെ ഭാഗം തന്നെയാണ് ഹോനെസ്. ഒരു സോസേജ് കമ്പനിയും ഹോനെസ് നടത്തുന്നുണ്ട്.

ഓഹരിവിപണിയിലെ ചൂതുകളിയോടുള്ള കമ്പമാണു തന്നെ കേസില്‍ കുടുക്കിയതെന്നാണു ഹോനെസ് പറയുന്നത്. ഇതേ ആവശ്യത്തിനു സ്വിസ് ബാങ്ക് അക്കൌണ്ട് വഴി വായ്പയായി സ്വീകരിച്ച 20 മില്യന്‍ ഡോയ്ഷെമാര്‍ക്കാണ് തന്നെ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍