ഡിഎഫ്ബി ആസ്ഥാനത്ത് റെയ്ഡ്
Tuesday, November 3, 2015 8:51 AM IST
ബര്‍ലിന്‍: ജര്‍മനി 2006 ലെ വേള്‍ഡ് കപ്പ് ഫുട്ബോള്‍ വേദി കൈക്കലാക്കാന്‍ ഫിഫയ്ക്ക് കോഴകൊടുത്തുവെന്ന ആരോപണത്തെ തുടര്‍ന്നു ഫ്രാങ്ക്ഫര്‍ട്ടിലെ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) ആസ്ഥാനത്ത് പോലീസ് റെയ്ഡ് നടത്തി.

6.7 മില്യന്‍ യൂറോ കോഴ നല്‍കിയെന്നാണ് ആരോപണം. നിലവിലെ ഡിഎഫ് ബി പ്രസിഡന്റ് വോള്‍ഫ്ഗാംങ് നിയേഴ്സ്ബാഹ്, മുന്‍ പ്രസിഡന്റ് തിയോ സ്വാന്‍സിഗര്‍, മുന്‍ ജനറല്‍ സെക്രട്ടറി ഹോര്‍സ്റ് ഷ്മിഡ്റ്റ് എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത്.

ഹാര്‍ഡ് ഡിസ്ക്കുകളും ഫയലുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വേദിക്കു കോഴ കൊടുത്തതു മാത്രമല്ല ലോകകപ്പിന്റെ പേരില്‍ നേടിയ കോടികളുടെ പേരില്‍ ഡിഎഫ്ബി നികുതി വെട്ടിപ്പും നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അമ്പതോളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. ഡിഎഫ്ബിയുടെ മുഴുവന്‍ അക്കൌണ്ടുകളും പരിശോധനവിധേയമാക്കുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2006 ലെ വേള്‍ഡ് കപ്പിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായിരുന്നു മൂവരും. അന്നത്തെ മാനേജരായി പ്രവര്‍ത്തിച്ചത് ഫുട്ബോള്‍ കൈസര്‍ എന്നു വിശേഷിപ്പിക്കുന്ന ബെക്കന്‍ബോവറും ആരോപണത്തിന്റെ നിഴലിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍