'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' സമാപിച്ചു
Tuesday, November 3, 2015 7:37 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' നു ഒക്ടോബര്‍ 31 (ശനി) തിരശീല വീണു.

രാവിലെ 10നു ഡബ്ളിന്‍ സിറ്റി മേയറുടെ പ്രതിനിധി കൌണ്‍സിലര്‍ കാത്ലീന്‍ കാര്‍ണി ബൌഡ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡബ്ള്യുഎംസി ചെയര്‍മാന്‍ സൈലോ സാം, പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍, സെക്രട്ടറി എല്‍ദോ തോമസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെറിന്‍ ഫിലിപ്പ്, കള്‍ച്ചറല്‍ സെക്രട്ടറി സില്‍വിയ അനിത്ത് എന്നിവരും മറ്റു എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗങ്ങളും സന്നിഹിതരായിരുന്നു.

തങ്ങളുടെ സാംസ്കാരിക വേരുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ഡബ്ള്യുഎംസി നടത്തുന്ന പ്രവത്തനങ്ങളെ പ്രസംഗത്തില്‍ കൌണ്‍സിലര്‍ അഭിനന്ദിക്കുകയും സിറ്റി കൌണ്‍സിലിന്റെ എല്ലാ സഹായസഹകരണവും തുടര്‍ന്നും വാഗ്ദാനം ചെയ്തു.

വിവിധ ഇനങ്ങളിലായി നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരങ്ങള്‍ നവംബര്‍ ഒന്നിനു (ഞായര്‍) രാത്രി എട്ടോടെ സമാപിച്ചു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയതും യുഎസ്, യുകെ എന്നിവിടങ്ങളില്‍നിന്നും അയര്‍ലന്‍ഡില്‍ നിന്നുമുള്ള വിധികര്‍ത്താക്കളും മൂല്യ നിര്‍ണയത്തിനു പ്രത്യേക ക്രമീകരണങ്ങളും മത്സരങ്ങള്‍ ചിട്ടയോടെ നടത്തി ഫലം പ്രഖ്യപിക്കുന്നതിനു ഡബ്ള്യുഎംസിയെ സഹായിച്ചു. കലാപ്രതിഭയേയും കലാതിലകത്തെയും പിന്നീട് പ്രഖ്യാപിക്കും. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡബ്ള്യുഎംസി ഡിസംബര്‍ 27നു നടത്തുന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ വിതരണം ചെയ്യും.

മത്സരങ്ങളുടെ ചിത്രങ്ങളും എല്ലാ മത്സരാര്‍ഥികള്‍ക്കും ലഭിച്ച ഗ്രേഡ്, മത്സരങ്ങളുടെ ഫലം എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.

'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' നോടു സഹകരിച്ച എല്ലാവര്‍ക്കും ഡബ്ള്യുഎംസി എക്സിക്യൂട്ടീവ് കൌണ്‍സില്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍