ചക്കുളത്തമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്ത സഹസ്രങ്ങള്‍ തൊഴുതു മടങ്ങി
Tuesday, November 3, 2015 7:27 AM IST
ന്യൂഡല്‍ഹി: വ്രതശുദ്ധിയുടെ പുണ്യവുമായി ഒരു വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ മയൂര്‍ വിഹാറിലെ എ1 പാര്‍ക്കിലെ ക്ഷേത്രത്തില്‍ ചക്കുളത്തമ്മയ്ക്ക് പൊങ്കാലസമര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍ തൊഴുതു മടങ്ങി.

രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. പ്രഭാത പൂജകള്‍ക്കു ശേഷം താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയെയും മറ്റു വിശിഷ്ടാതിഥികളെയും ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു.

രാവിലെ 8.30ന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് (ഡല്‍ഹി) പ്രസിഡന്റ് സി.എം. പിള്ളയുടെ അധ്യക്ഷതയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍. വേണുഗോപാല്‍ ഭദ്രദീപം തെളിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. രമ്യ ഉണ്ണികൃഷ്ണന്‍ രേണു ഉണ്ണികൃഷ്ണന്‍ എന്നീ കുട്ടികള്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. രമേശ് ഇളമണ്‍ നമ്പൂതിരി, മനോജ് കുമാര്‍ എംഎല്‍എ, കൌണ്‍സിലര്‍ രാജിവ് വര്‍മ, ബിജെപി ഡല്‍ഹി സ്റേറ്റ് കമ്മിറ്റി അംഗം പ്രസന്നന്‍ പിള്ള, ഡല്‍ഹി മലയാളി അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് സി. കേശവന്‍ കുട്ടി, ഖജാന്‍ജി സി.ബി. മോഹനന്‍, ചക്കുളത്തുകാവില്‍നിന്നെത്തിയ ജയകുമാര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും കസാക്റ്റ് ഡല്‍ഹി സെക്രട്ടറി ഇ.ആര്‍. പദ്മകുമാര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ പ്രായം ചെന്ന അമ്മമാരെ ആദരിച്ചു. ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്നും വന്ന കൊച്ചി, പള്ളുരുത്തി സ്വദേശിനി ശ്യാമള ദാസ്, സെക്ടര്‍ 34, നോയിഡയില്‍ നിന്നും വന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഓമന വിജയകുമാര്‍, മയൂര്‍ വിഹാര്‍ ഫേസ്3 പോക്കറ്റ് 5ലെ കണ്ണൂര്‍, കടമ്പേരി സ്വദേശിനി യശോദാ ഗോവിന്ദന്‍, ബ്രിജ് വിഹാര്‍ ഗാസിയാബാദിലെ പാലക്കാട്, പെരിങ്ങോട് സ്വദേശിനി വിമല രാമചന്ദ്രന്‍, മയൂര്‍ വിഹാര്‍ ഫേസ്2 കല്യാണ്‍ നിവാസിലെ പത്തനംതിട്ട, കോഴഞ്ചേരി സ്വദേശിനി ഉഷ കൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്.

ക്ഷേത്ര ശ്രീകോവിലില്‍ നിന്നു കൊളുത്തിയ ദീപനാളത്താല്‍ പണ്ടാര അടുപ്പില്‍ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി ജ്വലിപ്പിച്ചപ്പോള്‍ മേലേ നീലാകാശത്ത് ചക്കുളത്തമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്ത് വലം വച്ചു. ഭക്തജനങ്ങള്‍ വായ്ക്കുരവയാല്‍ ചക്കുളത്തമ്മയ്ക്ക് സ്വാഗതമരുളി. തുടര്‍ന്നു ഭക്തര്‍ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്കു തീ പകര്‍ന്നു. അവയില്‍ നിന്നുയര്‍ന്ന ധൂമപടലങ്ങളാല്‍ യജ്ഞശാലയായി മാറിയ ക്ഷേത്രാങ്കണത്തില്‍ ശ്രീ മൂകാംബിക കീര്‍ത്തന സംഘത്തിലെ ഗായകര്‍ ചക്കുളത്തമ്മയ്ക്കായി സ്തുതിഗീതങ്ങള്‍ ആലപിച്ചു. മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും ഉത്സവത്തിമിര്‍പ്പിനു മേളക്കൊഴുപ്പേകി. തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തിരുമേനിമാര്‍ തീര്‍ഥം തളിച്ചതോടെ പതിമൂന്നാമത് പൊങ്കാല മഹോത്സവം സമ്പൂര്‍ണമായി.

തുടര്‍ന്നു വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ച ദീപാരാധന എന്നിവയ്ക്കു ശേഷം നടന്ന അന്നദാനത്തോടെ രണ്ടു ദിവസം നീണ്ടുനിന്ന പതിമൂന്നാമത് പൊങ്കാല മഹോത്സവത്തിനു കൊടിയിറങ്ങി.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി