അയര്‍ലന്‍ഡില്‍ വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബര്‍ 23ന്
Saturday, October 10, 2015 5:45 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ സാംസ്കാരിക സംഘടനയായ മലയാളം ഒരുക്കുന്ന വിദ്യാരംഭം വിജയദശമി നാളായ ഒക്ടോബര്‍ 23നു (വെള്ളി) നടക്കും.

പരമ്പരാഗത രീതിയില്‍ മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭം ഡബ്ളിനിലെ താല സ്പൈസ് ബസാര്‍ഹാളില്‍ വൈകുന്നേരം നാലിനാണ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഏഴാമത് തവണയാണ് വിദ്യാരംഭം നടത്തുന്നത്. വിജയദശമിനാളില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് യുകെയിലെ കോളജ് അധ്യാപികയും അറിയപ്പെടുന്ന എഴുത്തുകാരിയുമായ ജയശ്രീ ശ്യാംലാലാണ്. യുകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാല്‍ മലയാള നാടകാചാര്യനായ ഒ. മാധവന്റെ മകളും സിനിമാതാരം മുകേഷിന്റെ സഹോദരിയുമാണ്.

തുടര്‍ന്നു നടക്കുന്ന മെരിറ്റ് ഈവനിംഗ് ചടങ്ങുകളില്‍ ഈ വര്‍ഷം ജൂണിയര്‍ സെര്‍ട്ട്, ലിവിംഗ്സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലന്‍ഡില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കു കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും അഭിമാനാര്‍ഹാമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്ക് ചടങ്ങില്‍ മലയാളം രൂപകല്‍പ്പന ചെയ്ത മൊമെന്റോ സമ്മാനിക്കും.

വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ബിപിന്‍ ചന്ദ് 089 4492321, ജോബി സ്കറിയ 085 7184293, വി.ഡി. രാജന്‍ 087 0573885, അജിത്ത് കേശവന്‍ 087 656 5449.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍