ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെതിരേ പ്രതിഷേധം ശക്തമാകുന്നു
Thursday, October 8, 2015 7:59 AM IST
ബര്‍ലിന്‍: ജര്‍മനിയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിനു അഭയാര്‍ഥികള്‍ക്ക് അമ്മയായി പ്രവര്‍ത്തിക്കുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ദിവസങ്ങള്‍ ചുരുങ്ങുന്നു.

സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സ്, സഹോദര പാര്‍ട്ടി ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍, ഭരണ പങ്കാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്നിവര്‍ അഭയാര്‍ഥി പ്രശ്നത്തില്‍ പരസ്യമായി ചാന്‍സലര്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിശ്വസ്ഥനായ ബ്യൂറോ മന്ത്രി പീറ്റര്‍ ആള്‍ട്ട് മയറെ അഭയാര്‍ഥി വിഷയത്തില്‍ ഔദ്യോഗിക ചുമതല ഏല്‍പ്പിച്ച് ചാന്‍സലറുമായി നേരിട്ടു വിഷയം കൈകാര്യം ചെയ്യാന്‍ നിയമിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തീരുന്ന മട്ടില്ല.

ജര്‍മനിക്കുമാത്രം ലോകത്തിലെ പ്രശ്നബാധിതരെ രക്ഷിക്കാന്‍ കഴിയില്ലെന്നും ഇതിനു അതിര്‍വരമ്പുകള്‍ ഉണ്െടന്നും പാര്‍ട്ടിക്കുള്ളിലും സര്‍ക്കാര്‍ ഭരണ കക്ഷികളിലും ഉള്ളവര്‍ വാദിക്കുന്നു. ഇതോടൊപ്പം ജര്‍മനിയുടെ മിക്ക സ്ഥലങ്ങളിലും അഭയാര്‍ഥികള്‍ക്കും ചാന്‍സലര്‍ക്കും എതിരെ ശക്തമായ പ്രക്ഷോഭവും പ്രകടനങ്ങളും തുടങ്ങി. ഹംബുര്‍ഗ്, സെബ്നിറ്റ്സ്, ഡ്രേസന്‍, പ്ളൈവന്‍, എര്‍ഫൂര്‍ട്ട്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ അഭയാര്‍ഥികള്‍ തിരികെ പോവുക, ക്രിമിനാലിറ്റി ഇല്ലാത്ത ജീവിതം ഉറപ്പുവരുത്തുക, അതിര്‍ത്തികള്‍ അടയ്ക്കുക എന്നീ മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇന്നലെ വന്‍ പ്രകടനം നടന്നു. ചാന്‍സലര്‍ മെര്‍ക്കലിനു എതിരെയും പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മെര്‍ക്കലിന്റെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനി എത്രനാള്‍ ഈ കസേര നിലനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടറിയണം. 2017 ലെ ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പു നടക്കുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. മെര്‍ക്കല്‍ വിമതരും ഉപ ചാന്‍സലര്‍ പദവി ആഗ്രഹിക്കുന്ന ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍ ചെയര്‍മാന്‍ സീഹോഫര്‍, സോഷ്യലിസ്റ് പാര്‍ട്ടി എന്നിവര്‍ ഇതിനുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍