പ്രിസ്റണ്‍ ഉത്സവലഹരിയില്‍: ഇടവക ദേവാലയ സമര്‍പ്പണവും പ്രതിഷ്ഠാകര്‍മവും ഒക്ടോബര്‍ മൂന്നിന്
Friday, October 2, 2015 5:05 AM IST
പ്രിസ്റണ്‍: യുകെയിലെ സീറോ മലബാര്‍ സഭയുടെ ഇടവക ദേവാലയ സമര്‍പ്പണത്തിനു ഒരു ദിവസം മാത്രം അവശേഷിക്കേ പ്രിസ്റണ്‍ ഉത്സവ ലഹരിയില്‍. യുകെയുടെ നാനാ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. തിരുക്കര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കാനെത്തുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വെള്ളിയാഴ്ച മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടില്‍ ലങ്കാസ്റര്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം സ്വീകരണം നല്‍കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ പ്രിസ്റണില്‍ ഒരു ഇടവകയും വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യമ്മയുടെയും നാമത്തില്‍ ബ്ളാക്ക് പൂള്‍ കേന്ദ്രമാക്കിയുളള ഇടവകയുടെയും പ്രഖ്യാപനവും കര്‍മലീത്താ സന്യാസിനി സമൂഹത്തിന്റെ ഉദ്ഘാടനവുമാണു ശനിയാഴ്ച പ്രിസ്റണില്‍ നടക്കുന്നത്.

രാവിലെ 8.45 മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ലങ്കാസ്റര്‍ ബിഷപ് മൈക്കിള്‍ കാംബെല്‍, സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ ഉള്‍പ്പെടെയുളള വിശിഷ്ട വ്യക്തികളെ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതോടെ കൃതജ്ഞതാ പ്രാര്‍ഥന നടക്കും. തുടര്‍ന്നു പ്രാരംഭ പ്രദക്ഷിണവും ദേവാലയ സമര്‍പ്പണവും തിരുശേഷിപ്പു പ്രതിഷ്ഠയും മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. തുടര്‍ന്നു 9.30നു നടക്കുന്ന ആഘോഷപൂര്‍വമായ കൃതജ്ഞതാ ബലിക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിയില്‍ ബിഷപ് മൈക്കിള്‍ കാംബെല്‍, ഫാ. തോമസ് പാറയടിയില്‍ ഉള്‍പ്പെടെ യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികര്‍ കാര്‍മികരാകും. തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും യുകെയിലെ സീറോ മലബാര്‍ സഭയുടെ അനുഗ്രഹ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ ഏവരെയും ഫാ. മാത്യു ചൂരപൊയ്കയില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍