ഫോക്സ് വാഗന്‍ ജീവനക്കാര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം: ബോര്‍ഡ് മെംബര്‍
Wednesday, September 30, 2015 8:48 AM IST
ബര്‍ലിന്‍: മലിനീകരണം കുറച്ചു കാണിക്കാന്‍ തട്ടിപ്പു നടത്തിയ ഫോക്സ് വാഗന്‍ ജീവനക്കാരുടെ പ്രവൃത്തി ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് കമ്പനിയുടെ ബോര്‍ഡ് മെംബറും ലോവര്‍ സാക്സണിയിലെ സാമ്പത്തികകാര്യ മന്ത്രിയുമായ ഒലാഫ് ലൈസ്.

തട്ടിപ്പു നടത്താന്‍ നിര്‍ദേശം നല്‍കിയവരും ഈ സംവിധാനം കാറുകളില്‍ സ്ഥാപിച്ചവരും വ്യക്തിപരമായി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മീറ്റിംഗില്‍ മാത്രമാണ് ബോര്‍ഡ് ഈ തട്ടിപ്പിനെക്കുറിച്ചറിയുന്നതെന്നും ലൈസ് അവകാശപ്പെടുന്നു.

എന്നാല്‍, ജീവനക്കാരെ ബലിയാടുകളാക്കി കമ്പനിയിലെ ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് ലൈസ് നടത്തുന്നതെന്ന സംശയവും ശക്തം.

പതിനേഴു വര്‍ഷം മുമ്പുതന്നെ തട്ടിപ്പിനെക്കുറിച്ച് പ്രശസ്ത സ്വീഡിഷ് ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പെര്‍ കാഗേസന്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവത്രെ. 1998ല്‍ തയാറാക്കിയ പ്രധാന യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടില്‍, കാര്‍ നിര്‍മാതാക്കള്‍ മലിനീകരണം കുറച്ചു കാണിക്കാന്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍, അന്ന് അതാരും മുഖവിലയ്ക്കെടുക്കാന്‍ തയാറായിരുന്നില്ല.

വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തില്‍ ഫോക്സ് വാഗന്‍ അധികൃതര്‍ സ്പെയ്നില്‍ കാര്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, തട്ടിപ്പു സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച ഏഴു ലക്ഷത്തോളം കാറുകള്‍ ഇതിനകം ഇവിടെ വിറ്റഴിച്ചു കഴിഞ്ഞു.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഫോക്സ് വാഗന്റെ പുതിയ സിഇഒ മത്യാസ് മുള്ളറുടെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍