ഡോ. സെയ്ദ് ഇബ്രാഹിമിനു ജര്‍മനിയിലെ ഉന്നത ബഹുമതി
Wednesday, September 30, 2015 8:47 AM IST
ബര്‍ലിന്‍: ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയുടെ ഉന്നത ബഹുമതിയായ 'ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മെറിറ്റ്' അവാര്‍ഡിനു തിരുവനന്തപുരം, ജര്‍മന്‍ ഭാഷാ സാംസ്കാരിക കേന്ദ്രമായ ഗോയ്ഥെ സെന്റര്‍ ഡയറക്ടര്‍ ഡോ. സെയ്ദ് ഇബ്രാഹിമിനെ തെരഞ്ഞെടുത്തു.

ഇന്തോ- ജര്‍മന്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഡോ. സെയ്ദ് ഇബ്രാഹിം നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ ജോര്‍ഗ് റോഡെ അറിയിച്ചു.

ജര്‍മന്‍ പുനരേകീകരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിനു (ശനി) വൈകുന്നേരം ഏഴിനു തിരുവനന്തപുരം താജ്വിവാന്ത ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മന്‍ പ്രസിഡന്റ് യോവാഹിം ഗൌക്കിനു വേണ്ടി ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ ജോര്‍ഗ് റോഡ് ഡോ. സെയ്ദിനു ബഹുമതി സമ്മാനിക്കും.

തിരുവനന്തപുരം പാല്‍നാര്‍ ട്രാന്‍സ്മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്തോ- ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐജിസിസി)കേരളത്തിലെ പ്രതിനിധിയുമായ ഡോ.സെയ്ദിന്റെ നേതൃത്വത്തില്‍ 2008 ലാണ് തിരുവനന്തപുരത്ത് ഗോയ്ഥെ സെന്റര്‍ ആരംഭിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഡോ. സെയ്ദ് ലേബന്‍സ് ലിഷ്റ്റ് (ലൈറ്റ് ഓഫ് ലൈഫ്) എന്ന ഒരു ചാരിറ്റി ഫൌണ്ടേഷനും നടത്തി വരുന്നുണ്ട്. ഇതാദ്യമായിട്ടാണ് ജര്‍മനിയുടെ ഉന്നത ബഹുമതി ഒരു കേരളീയനു ലഭിക്കുന്നത്.

ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിക്കു നല്‍കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍കാരെ മാത്രമല്ല വിദേശികളെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് 'ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഓഫ് ദ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനി' എന്ന പുരസ്കാരം. 1949 മുതല്‍ 1959 വരെ ജര്‍നിയുടെ പ്രസിഡന്റായിരുന്ന തിയഡോര്‍ ഹൊയസ് 1951 ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ ബഹുമതി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍