ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ അഞ്ചാമത് വാര്‍ഷികവും ഓണസദ്യയും
Wednesday, September 30, 2015 6:36 AM IST
വിയന്ന: ഓസ്ട്രിയയിലെ കലാ-സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ അഞ്ചാമത് വാര്‍ഷികവും ഓണ സദ്യയും ആഘോഷിച്ചു. വിയന്നയിലെ പതിമൂന്നാമത്തെ ജില്ലയില്‍ നടന്ന ഹൃദ്യമായ ചടങ്ങില്‍ ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. സാല്‍വിന്‍ കണ്ണംപിള്ളി, ഡോ. ജോണ്‍ ഈപ്പന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

സംഘടനയുടെ സെക്രട്ടറി സോജി മതുപ്പുറത്ത് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. സംഘടനയിലെ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടി ഓണം ആഘോഷിക്കുന്നതിന്റെ പൊരുള്‍ ഒരിക്കല്‍ കൂടി അറിയിച്ച് ധന്യ പ്രെട്ട്നര്‍ സന്ദേശം നല്‍കി. സംഘടനയിലെ കൂട്ടായ്മയുടെ കരുത്ത് ലോകം മുഴുവനുമുള്ള പ്രവാസി സംഘടനകള്‍ക്ക് മാതൃകയും മലയാള തനിമയും സാംസ്കാരിക പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ സംഘടന ചെലുത്തുന്ന സ്വാധീനവും ഏറെ ശ്രദ്ധേയമാണെന്ന് മുഖ്യാതിഥികള്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

ഓണസദ്യയോടൊപ്പം സംഘടനയുടെ വാര്‍ഷികവും ആഘോഷിച്ചു. മുന്‍ വര്‍ഷങ്ങളിലെ പ്രസിഡന്റുമാരും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു കേക്കുമുറിച്ചാണ് അഞ്ചാമത് വാര്‍ഷിക ആഘോഷം ആഘോഷിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഓസ്ട്രിയയിലെ ഒരു പ്രമുഖ കലാ-സാംസ്കാരിക സംഘടനയായി ഫൈന്‍ ആര്‍ട്സ് ഇന്ത്യക്കു മാറാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും രാജ്യത്തെ മലയാളികള്‍ക്ക് കലാ-സാംസ്കാരിക രംഗത്ത് നേരിട്ടും അല്ലാതെയും ചെയ്തിട്ടുള്ള വിവിധ സംഭാവനകളെയും ചടങ്ങില്‍ പ്രസംഗിച്ചവര്‍ അനുസ്മരിച്ചു

അംഗങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍നിന്നു തയാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഏറെ ആസ്വാദ്യകരമായി.

സെപ്റ്റംബറില്‍ ജന്മദിനം ആഘോഷിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ പാട്ടും മറ്റ് കലാപരിപാടികളും ആഘോഷത്തിനു കൂടുതല്‍ മിഴിവേകി. ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഓസ്ട്രിയയിലെ മലയാളികള്‍ക്കുവേണ്ടി നടത്തിയ 'ഉത്സവ് 2015' എന്ന ഓണം സ്റേജ് ഷോ വന്‍ വിജയമാക്കാന്‍ പിന്തുണച്ച ഏവരെയും ആര്‍ട്സ് ക്ളബ് സെക്രട്ടറി ബിന്‍സി അഞ്ചേരില്‍ നന്ദി പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി